ഡിജിറ്റൽ സർവേ : ചീങ്കണ്ണിപ്പുഴയോരത്തെ കർഷകരുടെ പട്ടയഭൂമി റവന്യു പുറമ്പോക്കായി
1482829
Thursday, November 28, 2024 8:00 AM IST
കേളകം: പഞ്ചായത്തിലെ രണ്ടാം വാർഡിൽപെടുന്ന പ്രദേശത്ത് ഡിജിറ്റൽ സർവേയുടെ ഭാഗമായി ഭൂമി അളന്നപ്പോൾ നിരവധി കർഷകരുടെ പട്ടയ ഭൂമി റവന്യൂ പുറമ്പോക്കിൽപെടുത്തിയതായി പരാതി.
ചീങ്കണ്ണിപ്പുഴയുടെ പൂക്കുണ്ട് ഭാഗത്ത് സർവേ നടത്തിയപ്പോഴാണ് ഇത്തരത്തിൽ കർഷകരുടെ നികുതി അടച്ചുവരുന്ന പട്ടയഭൂമി ചീങ്കണ്ണി പുഴയുടെ പുറമ്പോക്കായി രേഖപ്പെടുത്തിയതായി കാണുന്നത്.
വടക്കേപറമ്പിൽ ജിജോയുടെ സ്ഥലംതൊട്ട് ചീങ്കണ്ണി പുഴയോരത്തെ പട്ടയസ്ഥലങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പുറമ്പോക്ക് വിട്ട് രേഖകൾ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയിൽനിന്ന് വടക്കേ പറമ്പിൽ ജിജോയുടെ 10 സെന്റ്, കോയിക്കൽ ജോർജുകുട്ടിയുടെ 52 സെന്റ്, പാലത്തിങ്കൽ ബെസി മറ്റൊരാളിൽ നിന്ന് വില കൊടുത്തു വാങ്ങിയ ആകെ 75 സെന്റിൽ നിന്ന് 23 സെന്റ് എന്നിവയാണ് ഇപ്പോഴത്തെ സർവേയിൽ കുറവ് വന്നിരിക്കുന്നത്.
ഇന്ന് ഇതിന്റെ ബാക്കിഭാഗം അളക്കുമെന്നാണ് സർവേ ടീം അറിയിച്ചിരിക്കുന്നത്. ഭൂമി ഗണ്യമായി നഷ്ടപ്പെട്ടതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിരിക്കുകയാണ്.
ചീങ്കണ്ണിപ്പുഴയുടെ പുറമ്പോക്ക് മാസങ്ങൾക്കു മുമ്പ് അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇത് പ്രദേശവാസികളെ അറിയിക്കാതെയാണ് നടത്തിയത്. പിന്നീട് വളയഞ്ചാൽ ഭാഗത്ത് എത്തിയപ്പോഴാണ് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തുകയും പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി അതിർത്തി നിർണയിക്കണമെന്ന ആവശ്യം മുന്നോട്ടുവയ് ക്കുകയും ചെയ്തത്.
എന്നാൽ ചീങ്കണ്ണിപ്പുഴയുടെ അതിർത്തി നിർണയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ടതല്ലതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ആളുകൾ എത്തി യോഗം ചേർന്ന് പ്രദേശവാസികളെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം ഘടകവിരുദ്ധമായാണ് ഇപ്പോൾ അതിർത്തിനിർണയം നടത്തിയിരിക്കുന്നത്. റവന്യൂവകുപ്പും ആറളം വന്യജീവി സങ്കേതം അധികൃതരും ഏകപക്ഷീയമായാണ് ചീങ്കണ്ണിപ്പുഴയുടെ അതിർത്തി നിർണയം പൂർത്തിയാക്കിയത്. ഇത് ഡിജിറ്റൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.
ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ റീസർവേ നടക്കുന്നത്. വളയംചാൽ മുതൽ ഉള്ള ആനപ്രതിരോധ മതിലിൽനിന്ന് 10 മുതൽ 20 മീറ്റർ വരെ കർഷകരുടെ ഭൂമിയിലേക്ക് കയറിയാണ് ചീങ്കണ്ണിപ്പുഴയുടെ അതിർത്തി ഇപ്പോൾ നിർണയിച്ചിരിക്കുന്നത്. മാത്രമല്ല കേളകം പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ചീങ്കണ്ണിപ്പുഴ ഇപ്പോൾ ആറളം പഞ്ചായത്തിന്റെ അധീനതയിൽപെടുത്തിയതായും പറയുന്നു. ഗുരുതരമായ അനാസ്ഥയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തങ്ങളുടെ പട്ടയത്തിൽപ്പെട്ട ഭൂമി കൃത്യമായി തങ്ങൾക്ക് അളന്നു നൽകണമെന്നും അല്ലാത്തപക്ഷം ഡിജിറ്റൽ സർവേയെ തടയുമെന്നും പ്രദേശവാസികൾ പറഞ്ഞു.