റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1482819
Thursday, November 28, 2024 8:00 AM IST
ഇരിട്ടി: മാക്കൂട്ടം-പെരുമ്പാടി, അമ്മത്തി-സിദ്ധാപുരം, കരിക്കെ-ബാഗമണ്ഡലം റോഡുകളുടെ നവീകരണ പ്രവൃത്തി പെരുമ്പാടിയിൽ വീരാജ്പേട്ട എംഎൽഎ എ.എസ്. പൊന്നണ്ണ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം പെരുമ്പാടിയിൽ എത്തിയ എംഎൽഎ ഉദ്ഘാടനത്തിന്റെ ഭാഗമായി പൂജ നടത്തി.
25 കോടി രൂപ ചെലവിൽ കർണാടക മരാമത്ത് വിഭാഗമാണ് പ്രവൃത്തിയുടെ നടത്തിപ്പ്. വീരാജ്പേട്ട നഗരസഭാ വൈസ് പ്രസിഡന്റ് ഫസിയ തപ്സം, കൗൺസിലർമാരായ സി.കെ. പ്രത്വിനാഥ്, രഞ്ചി പൂണച്ച, ജലീൽ, സുണ്ടിക്കുപ്പ പഞ്ചായത്ത് അംഗം എം.ഇ. ഇബ്രാഹിം, ആർജി പഞ്ചായത്ത് അംഗം ഉപേന്ദ്രൻ, മരാമത്ത് അസിസ്റ്റന്റ് എൻജിനിയർ ലിങ്കരാജ് എന്നിവർ പ്രസംഗിച്ചു.
പെരുമ്പാടി മുതൽ ആദ്യ 2.5 കിലോമീറ്ററിലും കൂട്ടുപുഴ മുതൽ ആദ്യ രണ്ടുകിലോമീറ്ററിലും വീതി കൂട്ടി മെക്കാഡം റിടാറിംഗും ബാക്കിവരുന്ന 15.5 കിലോമീറ്ററിൽ ടാറിംഗ് അറ്റകുറ്റപ്പണിയുമാണു നടത്തുക.
അമ്മത്തി-സിദ്ധാപുരം ഒന്പതു കിലോമീറ്റർ റോഡിൽ നാലു കിലോമീറ്റർ റീടാറിംഗും ബാക്കി ഭാഗം ടാറിംഗ് അറ്റകുറ്റപ്പണിയും കരിക്കെ-ബാഗമണ്ഡല 16 കിലോമീറ്റർ റോഡിൽ നാലു കിലോമീറ്റർ റീടാറിംഗും ബാക്കി ഭാഗം ടാറിംഗ് അറ്റകുറ്റപ്പണിയും നടത്തും. മഴക്ക് മുന്പ് പൊട്ടിപ്പൊളിഞ്ഞ മാക്കൂട്ടം ചുരം പാത മഴയോടെ തീർത്തും ദുർഘടമായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ ദീപിക വാർത്ത ചെയ്തിരുന്നു.