കോളിത്തട്ട് ബാങ്ക്: നിക്ഷേപകർക്ക് തുക തിരിച്ചുനല്കാൻ നടപടി തുടങ്ങി
1482195
Tuesday, November 26, 2024 6:36 AM IST
ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുക തിരിച്ചുനല്കാനുള്ള നടപടികളുമായി അഡ്മിനിസ്ട്രേറ്റർ. സിപിഎം നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്കിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റത്. ഇതോടെയാണ് നിക്ഷേപകർക്ക് തുക തിരിച്ചുനൽകാനുള്ള പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്ററുടെ അധ്യക്ഷതയിൽ ബാങ്കിൽ ചേർന്ന നിക്ഷേപകരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. 15 കോടി രൂപയുടെ തിരിമറി നടന്ന ബാങ്കിൽ നിക്ഷേപകരുടെ പണം ഘട്ടം ഘട്ടമായി തിരിച്ചു നല്കാനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായി നിക്ഷേപകരുടെ നേതൃത്വത്തിൽ 13 അംഗ കമ്മിറ്റി രൂപീകരിച്ചു.
ബാങ്കിൽ നിന്നുള്ള
പേയ്മെന്റുകൾ വിലക്കി
ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ ബാങ്കിൽനിന്നു നല്കുന്ന ബില്ലുകൾ എല്ലാം നിർത്തലാക്കി. പലിശ യിനത്തിൽ വരുമാനം ലഭിച്ചാൽ മാത്രം 10,000 മുതൽ 15,000 വരെയാണ് ജീവനക്കാർക്ക് ശമ്പള ഇനത്തിൽ ലഭിക്കുക. മേയ് 15 നുള്ളിൽ കുറഞ്ഞത് രണ്ടു കോടി രൂപ പിരിച്ചെടുത്ത് നിക്ഷേപകർക്ക് ആനുപാതികമായി നൽകാനാണ് യോഗ തീരുമാനം. ബാങ്കിൽ അനധികൃതമായി ലോൺ ഉൾപ്പെടെ നല്കി തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു .
ലോൺ എടുത്തവർക്ക്
നോട്ടീസ്
കോളിത്തട്ട് ബാങ്കിൽനിന്നു വായ്പ എടുത്തിട്ടുള്ള എല്ലാ അംഗങ്ങളിൽനിന്നും പണം തിരികെ പിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി എല്ലാവർക്കും നോട്ടീസ് അയയ്ക്കും. ഏകദേശം 1500 ഓളം അംഗങ്ങളാണ് ബാങ്കിൽനിന്നും വായ്പ എടുത്തിട്ടുള്ളത്. ഇതിൽ കാലാവധി കഴിഞ്ഞവർക്കും അല്ലാത്തവർക്കും നോട്ടീസ് അയച്ച് പണം തിരികെ പിടിക്കാനാണ് തീരുമാനം. ഇത് വളരെ ശ്രമകരമായ ജോലിയാണെന്നാണ് അഡ്മിനിസ്ട്രേറ്റർ പറയുന്നത് . ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട 150 ഓളം നിക്ഷേപകർ ശനിയാഴ്ച ബാങ്കിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.