ആലക്കോട്ടെ കർഷക റാലിയിൽ പ്രതിഷേധം ഇരമ്പി
1482181
Tuesday, November 26, 2024 6:35 AM IST
ആലക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികളിലും മലയോര ജനതയോടുള്ള അവഗണനയിലും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ആലക്കോട് മേഖലയുടെ നേതൃത്വത്തിൽ നടന്ന കർഷക റാലിയിൽ പ്രതിഷേധമിരന്പി. സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽനിന്ന് ആലക്കോട് ടൗണിലേക്ക് നടന്ന കർഷക റാലിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ഇഎസ്എ വിഷയത്തിൽ ജനവാസ മേഖലയെയും കൃഷിഭൂമിയെയും ഒഴിവാക്കുക, വനാതിർത്തിയിൽ കഴിയുന്ന കർഷകർക്ക് സ്വത്തിനും ജീവനും സംരക്ഷണം നൽകുക, 400 കെവി ലൈൻ കടന്നുപോകുന്ന കൃഷിഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക, റബർ നാളികേരം പോലുള്ള നാണ്യവിളകൾക്ക് ന്യായവില ഉറപ്പുവരുത്തുക, കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, മുനമ്പം വിഷയം പരിഹരിക്കുക, മലയോര മേഖലയിൽ തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
സമ്മേളനത്തിൽ ഇമ്മാനുവൽ കോയിക്കൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ ആമുഖ പ്രഭാഷണം നടത്തി. ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര് അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ്ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക കോൺഗ്രസ് ആലക്കോട് ഫൊറോന ഡയറക്ടർ ഫാ.തോമസ് വട്ടംകാട്ടേൽ, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് , കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, അഡ്വ. ഷീജ കാറുകുളം, ഐ.സി.മേരി, സെബാസ്റ്റ്യൻ ജാതികുളം, സരിത ജോസ്, ടോമി കണയങ്കൽ എന്നിവർ പ്രസംഗിച്ചു.