വളപട്ടണം മന്നയിൽ പൂട്ടിയിട്ട വീട് കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് ഒരു കോടി രൂപയും 300 പവൻ സ്വർണ- വജ്രാഭരണങ്ങളും
1482193
Tuesday, November 26, 2024 6:36 AM IST
കണ്ണൂർ: വളപട്ടണം മന്നയിൽ അരിമൊത്ത വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽനിന്നു മോഷ്ടാക്കൾ കവർന്നത് ഒരുകോടി രൂപയും 300 പവനിലധികം വരുന്ന സ്വർണ- വജ്രാഭരണങ്ങളും. അരിമൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സ് ഉടമ കെ.പി.അഷറഫിന്റെ മന്ന-വളപട്ടണം മെയിൻ റോഡിനോട് ചേർന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ അടർത്തിയെടുത്താണ് മോഷ്ടാക്കൾ വീടിനകത്ത് കടന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഏകദേശം മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.
20 ന് രാത്രി എട്ടിനും 21 ന് പുലർച്ചെ നാലിനുമിടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ 19 ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി 9.15 ഓടെ വീട്ടിൽ തിരിച്ചെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. സെൻട്രൽ ഹാളിന് സമീപത്തെ ലോക്കറും മറ്റും സൂക്ഷിച്ച കിടപ്പുമുറിയുടെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു.
അകത്തുകയറി നോക്കിയപ്പോഴാണ് ലോക്കർ തുറന്ന് കിടക്കുന്നതായും സമീപത്തെ അലമാരയിൽനിന്നും സാധനങ്ങൾ വലിച്ചുവാരി താഴെയിട്ടതായും കണ്ടത്. വീട്ടിലെ എല്ലാ മുറിയിലെയും അലമാരയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോൽ മോഷ്ടാക്കൾ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. ഉടൻ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയും സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു.
കവർന്നത് സ്വർണവും വജ്രാഭരണങ്ങളും
അഷറഫിന്റെ ഉമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും മാതൃസഹോദരിയുടെയും മറ്റും സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഉമ്മയുടെ 50 പവൻ തൂക്കം വരുന്ന 33 സ്വർണ വളകളും 46 പവൻ വരുന്ന ആറു സ്വർണമാലകളും ഒരു പവൻ തൂക്കം വരുന്ന ഏഴു ഗോൾഡ് കോയിനുകളും സഹോദരി ഫാത്തിമ അഫ്സയുടെ 100 പവൻ തൂക്കം വരുന്ന ഡയമണ്ട് നെക്ലേസും അഞ്ചു പവൻ വീതം തൂക്കം വരുന്ന മൂന്നു ചെറിയ ഡയമണ്ട് നെക്ലേസുകളും 25 പവൻ തൂക്കം വരുന്ന 10 ഡയമണ്ട് വളകളും അഞ്ചു പവന്റെ ഒരു പേർഷ്യൻ സ്റ്റോൺ മാലയും 42 പവൻ തൂക്കം വരുന്ന 21 സ്വർണ വളകളും ഒരുപവൻ വീതം തൂക്കമുള്ള മൂന്ന് പ്ലാറ്റിനം ചെയിനുകളും 50 പവൻ സ്വർണാഭരണങ്ങളുമാണ് നഷ്ടമായത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേർ മതിൽ ചാടി അകത്ത് കടക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ റൂറൽ എസ്പി അനൂജ് പരിവാളിന്റെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധന നടത്തി. പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണത്തിന്
ഇരുപതംഗ സംഘം
വളപട്ടണത്തെ കവർച്ചയുടെ അന്വേഷണത്തിന് ഇരുപതംഗ പോലീസ് സംഘം. എസ്എച്ച്ഒമാരായ ടി.പി. സുമേഷ് (വളപട്ടണം), എം.പി. ആസാദ് (ചക്കരക്കൽ), സഞ്ജയ്കുമാർ (മയ്യിൽ), സനിൽകുമാർ(കണ്ണൂർ സിറ്റി) കെ. രാജീവൻ (കണ്ണപുരം), സജിത്ത് (കണ്ണൂർ ട്രാഫിക്) എന്നിവരങ്ങിയ ഇരുപതംഗസംഘത്തെയാണ് എസിപി ടി.കെ. രത്നകുമാർ നിയോഗിച്ചത്. ലോക്കർ സൂക്ഷിക്കുന്ന സ്ഥലം അറിയാവുന്ന ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടുകാർ സ്ഥലത്തില്ലെന്നതും വരാൻ ദിവസങ്ങളെടുക്കുമെന്നും കൃത്യമായി മനസിലാക്കിയാണ് മോഷണം.
വീടിന്റെ മൂന്നു കിടപ്പുമുറികളിലും കള്ളന്മാർ കയറിയിറങ്ങിയിട്ടുണ്ട്. ലോക്കറിന്റെ താക്കോൽ വീട്ടിലെ മറ്റൊരു കിടപ്പുമുറിയിലെ അലമാരയിലായിരുന്നു ഉണ്ടായിരുന്നത്. ഈ അലമാരയുടെ താക്കോൽ മറ്റൊരു കിടപ്പുമുറിയുടെ അലമാരയിലുമാണ് ഉണ്ടായിരുന്നത്. ഈ മുറികളിലെ സാധനങ്ങൾ വലിച്ചുവാരി ഇട്ടിട്ടുണ്ടെന്നല്ലാതെ മറ്റൊന്നും നഷ്ടമായിട്ടില്ല. ലോക്കർ ലക്ഷ്യം വച്ചാണ് മോഷ്ടാക്കൾ വന്നതെന്നാണ് പോലീസ് കരുതുന്നത്.
മോഷണത്തിന് ശേഷം പ്രതികൾ ട്രെയിൻ മാർഗം രക്ഷപ്പെട്ടെന്ന് ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ മാർഗം ഇതരസംസ്ഥാനങ്ങളിലേക്ക് പ്രതികൾ കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഇതര സംസ്ഥാനങ്ങളിലെ പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. അടുത്തറിയുന്ന ആളുകളാകാം മോഷണത്തിന് പിന്നിലെന്ന് പറയുന്പോഴും പ്രതികൾ പ്രഫഷണൽ രീതിയിലാണ് മോഷണം നടത്തിയിരിക്കുന്നത് എന്നത് പോലീസിനെ വെട്ടിലാക്കുന്നുണ്ട്. അതേസമയം മുഖംമൂടി ധരിച്ച മൂന്നു പേർ മതിൽ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനങ്ങളും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.