കാട്ടുപന്നി കൃഷികൾ നശിപ്പിച്ചു
1482823
Thursday, November 28, 2024 8:00 AM IST
മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ മധുവനം, ആനക്കുഴി, മണക്കടവ്, മൂരിക്കടവ്, അരിവിളഞ്ഞപൊയിലിൽ, ജയഗിരി, ശാന്തിപുരം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. മധുവനത്തെ പാറയിൽ പ്രിയന്റെ കൃഷിയിടത്തിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി കപ്പ, വാഴ, ചേമ്പ് എന്നിവ നശിപ്പിച്ചു.
ഈ മേഖലയിൽ ആഴ്ചകളായി പന്നിക്കൂട്ടം മേയുകയാണ്. അരിവിളഞ്ഞപൊയിൽ ടൗൺ പരിസരങ്ങളിലെ കൃഷിയിടങ്ങളിൽ അടക്കം കാട്ടുപന്നി അക്രമം പെരുകിയതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് കർഷകർ. ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉദയഗിരി പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവക്കാൻ പ്രത്യേക ടീം ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും അവയെ നിയന്ത്രിക്കാൻ ഉണ്ടാക്കാത്തതിൽ കർഷകർ നിരാശയിലാണ്.
പെരുമ്പടവ്: പുലിക്ക് പിറകെ പന്നിയും മലയോര കർഷകന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം എടക്കോം കോലാർതൊട്ടിയിലെ കെ.സി. ബാലകൃഷ്ണന്റെ അരയേക്കർ പറമ്പിലെ ചേന, ചേമ്പ്, കാച്ചിൽ, കപ്പ എന്നീ കൃഷികൾ പൂർണമായും നശിപ്പിച്ചു. ഇതിന് പുറമെ കുലക്കാറായ വാഴയും നശിപ്പിച്ചു. വിളവ് ലഭിക്കുന്ന തെങ്ങിന്റെ ചുവട് കുത്തിത്തുരന്നു. എടക്കോം മേഖലയിൽ വന്യമൃഗങ്ങ ളുടെ ശല്യം സ്ഥിരമാണെന്നും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നും ബാലകൃഷ്ണൻ പറഞ്ഞു.