ശബരിമല തീർഥാടകൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 25 പേർക്കു പരിക്ക്
1482041
Monday, November 25, 2024 7:21 AM IST
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി ചെറുതാഴം പാതയിലെ ഹനുമാരബലം റോഡിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 25 പേർക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ ഹസൻ ജില്ല സ്വദേശികളായ നാഗരാജ് (36), നദിശ് (27) എന്നിവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസാരപരിക്കേറ്റ മറ്റ് തീർഥാടകർ സമീപത്തെ വിവിധ ആശുപത്രികളിലെ പ്രഥമ ചികിത്സയ്ക്കു ശേഷം സ്വദേശത്തേക്കു മടങ്ങി.
ഇവർ സഞ്ചരിച്ച മിനി ബസ് ചെറുതാഴത്തു വച്ച് ഇന്നലെ രാവിലെ നിയന്ത്രണം വിട്ട് മറിയുകയായി രുന്നു. ആദ്യം സമീപത്തെ വൈദ്യുത പോസ്റ്റിലും പിന്നീട് സമീപവാസി ദിവാകരന്റെ വീടിന്റെ ചുറ്റുമതിലും ഇടിച്ചു തകർത്താണ് ബസ് മറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും വാഹനത്തിന്റെ വരവിൽ അസ്വാഭാവികത തോന്നിയ കാൽനട യാത്രികർ ഓടിമാറിയതിനാലുമാണ് വൻ ദുരന്തം ഒഴിവായത്.
ബസിൽ കുട്ടികടക്കം 26 പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം നടത്തിയത്. അപകടത്തിൽപെട്ട വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. പരിയാരം പോലീസും സ്ഥലത്ത് എത്തിയിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.