നയനാർ മല ക്വാറിയുടെ പ്രവർത്തനം നിരോധിക്കും വരെ പ്രക്ഷോഭം തുടരും
1482540
Wednesday, November 27, 2024 7:22 AM IST
ചെമ്പന്തൊട്ടി: നയനാർ മലയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു വരുന്ന കരിങ്കൽക്വാറിയിലെ ഖനനം സ്ഥിരമായി നിരോധിക്കും വരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടരാൻ ചെമ്പന്തൊട്ടിയിൽ ചേർന്ന ക്വാറിവിരുദ്ധ സമരസമിതി യോഗം തീരുമാനിച്ചു. ക്വാറിയിലേക്ക് മാർച്ചും വഴി തടയൽ സമരവും ഉൾപ്പെടെ നടത്താനുള്ള ഒരുക്കത്തിലാണ് ജനകീയ കമ്മിറ്റി. പ്രദേശവാസികളെ വെല്ലുവിളിച്ച് നിലവിലുള്ള ക്വാറിക്ക് സമീപം തന്നെ പുതുതായി മറ്റൊരു ക്വാറി കൂടി തുടങ്ങാനുള്ള ശ്രമം എന്ത് ത്യാഗം സഹിച്ചും പരാജയപ്പെടുത്തും.
തുടർ പ്രക്ഷോഭങ്ങൾക്ക് സജീവ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, മത, സാമൂഹിക, കർഷക സംഘടനാ നേതാക്കളും നേതൃത്വം നൽകും. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ ചേർന്ന ജനകീയ കമ്മറ്റി യോഗം ഫൊറോന സഹവികാരി ഫാ.ആൽബിൻ ഉദ്ഘാടനം ചെയ്തു.
സമരസമിതി രക്ഷാധികാരിയും ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലറുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ വർഗീസ് വയലാമണ്ണിൽ, ഷിനോ പാറയ്ക്കൽ, എൻ.വി.അപ്പച്ചൻ, ജയിംസ് കാലാപറമ്പിൽ, വിനോദ് പുത്തൻപുര, എം.വി.സജി, തങ്കച്ചൻ വയലാമണ്ണിൽ, ജോസ് പാറയിൽ, കെ.ഡി.ജോസഫ് എന്നിവർ പ്രസംഗിച്ചു.