പയ്യാവൂര്‍-കുന്നത്തൂര്‍-കാഞ്ഞിരക്കൊല്ലി റോഡ് വികസനം കടലാസിൽ തന്നെ
1482537
Wednesday, November 27, 2024 7:22 AM IST
പയ്യാവൂര്‍: പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയോര മേഖലയിലെ പയ്യാവൂര്‍-കുന്നത്തൂര്‍-കാഞ്ഞിര ക്കൊല്ലി റോഡ് വികസനം കടലാസിൽ തന്നെ. പയ്യാവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കാഞ്ഞിര ക്കൊല്ലി പ്രകൃതിരമണീയത കൊണ്ടും അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ എന്നിവകൊണ്ടും ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കിയ പ്രദേശമാണ്.
നൂറുകണക്കിനാളുകളാണ് നിത്യേന ഈ പ്രദേശത്തേക്ക് പ്രസ്തുത റോഡുവഴി എത്തിച്ചേരുന്നത്. മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂര്‍പ്പാടി, മീനപ്പൊങ്കാല മഹോത്സവം നടക്കുന്ന ചാമക്കാല്‍ ഭഗവതി ക്ഷേത്രം, പാടാന്‍കവല മദര്‍ തെരേസ തീര്‍ഥാടന ദേവാലയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗം കൂടിയാണിത്. നിരവധി ഹരിജന്‍ കോളനികളിലുള്ളവരുടെ ആശ്രയവും ഈ റോഡാണ്.
കെഎസ്ആർടിസി ഉൾപ്പെടെ അഞ്ചു ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. എന്നാല്‍ പല സര്‍ക്കാരുകളും മാറിമാറി ഭരിച്ചിട്ടും ഈ റോഡിന് ശാപമോക്ഷം മാത്രം ലഭിച്ചില്ല. ഡിസംബർ 17 മുതൽ ഒരുമാസം നീളുന്ന കുന്നത്തൂർപ്പാടി മുത്തപ്പൻ ദേവസ്ഥാനം മഹോത്സവം ആരംഭിക്കുകയാണ്. പയ്യാവൂർ മുതൽ ചാമക്കാൽ വരെ റോഡിനിരുവശവും കാടുകയറിയ നിലയിലാണ്. പലയിടത്തും റോഡിനു വീതിയില്ല. മഴ വെള്ളം കുത്തിയൊലിച്ച് റോഡിന്റെ അരിക് കുഴിയായി മാറി.
യുഡിഎഫ് ഭരണ കാലത്ത് റോഡിനിരുവശത്തുമുള്ള ഭൂവുടമകള്‍ റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിന് സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നു. എന്നിട്ടും റോഡ് വികസനം മാത്രം എങ്ങുമെത്തിയില്ല.