ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
1482552
Wednesday, November 27, 2024 7:22 AM IST
പരിയാരം: ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുടക് സ്വദേശികളായ ടി.എ. അനീഫ് (28), മുഹമ്മദ് സവാദ് (26) എന്നിവരാണ് പിടിയിലായത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാലിന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തിബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഉഡുപ്പി മേഖലയിലെ ഇൻകം ടാക്സ് ഓഫീസറായിരുന്ന ചെറുതാഴം സ്വദേശി എഡ്ഗാർ വിൻസെന്റിൽനിന്ന് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. എഡ്ഗാർ വിൻസെന്റ് പരിയാരം പോലീസിലാണ് പരാതി നൽകിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കഴിഞ്ഞ മേയ് 29 മുതൽ ജൂലൈ ഒന്നു വരെയുള്ള കാലയളവിൽ വിവിധ അക്കൗണ്ടുകളിലേക്ക് 1,0076,000 രൂപയാണ് നിക്ഷേപം നടത്തിച്ചത്. 360 അക്കൗണ്ടുകളിലേക്കാണ് പണം പോയത്. ബംഗളൂരുവിലാണ് സംഘത്തലവനെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ചണ്ഡിഗഡ്, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിലുള്ളതാണ് തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടുകൾ.
ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തട്ടിപ്പുസംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ ഉത്തരേന്ത്യയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സ്റ്റോക്ക് പിൽഅപ് ഗ്രൂപ്പ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയായിരുന്നു തട്ടിപ്പ്. എഎസ്ഐമാരായ അജീഷ്, രാജീവൻ, അശോകൻ, അനിത, പ്രവീണ, സീനിയർ സിപിഒ ഷൈൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.