കുണ്ടാര്‍ ബാലന് വധം: ഒന്നാംപ്രതി കുറ്റക്കാരന്‍
1482194
Tuesday, November 26, 2024 6:36 AM IST
കാസര്‍ഗോഡ്: കോണ്‍ഗ്രസ് കാറഡുക്ക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ആദൂര്‍ പൊസോളിഗെയിലെ ടി.ബാലകൃഷ്ണന് എന്ന കുണ്ടാര്‍ ബാലനെ (45) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മൂന്നു പ്രതികളെ വെറുതെവിട്ടു. ആദൂര്‍ സ്വദേശി വി.രാധാകൃഷ്ണനെയാണ് (47) ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പ്രിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും.
രണ്ടു മുതല്‍ നാലുവരെ പ്രതികളായ ആദൂര്‍ കട്ടത്തുബയലിലെ വിജയന് (42), കുണ്ടാറിലെ കെ.കുമാരന് (42), കെ.ദിലീപ്കുമാര് (41) എന്നിവരെയാണ് വെറുതെ വിട്ടത്. ഇവരെല്ലാം ബിജെപി പ്രവര്‍ത്തകരാണ്.
2008 മാര്‍ച്ച് 27നാണ് കുണ്ടാര്‍ ബാലന് കൊല്ലപ്പെട്ടത്. കര്‍ണാടക ഈശ്വരമംഗലത്ത് ഭാര്യയുടെ അമ്മാവന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടാകുന്നത്. രാഷ്ട്രീയ വിരോധം കാരണം ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വഴിതര്ക്ക പ്രശ്നത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി ഇടപെട്ടതിന്റെ വിരോധമാണ് കൊലപാതത്തിന്റെ പ്രധാന കാരണമെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ആദൂര്‍ പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് കള്ളസാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് ബാലന്റെ ഭാര്യ കെ.പി.പ്രഫുല്ല സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസില്‍ അന്നത്തെ ഡിവൈഎസ്പി എം.ജെബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇപ്പോഴത്തെ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ളയാണ് അന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായത്. കുടുംബത്തിന്റെ നിരന്തരമായ പോരാട്ടത്തെതുടര്‍ന്ന് 17 വര്‍ഷത്തിന് ശേഷമാണ് മുഖ്യപ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.