ദീപിക റബർ കർഷക സെമിനാർ: വഞ്ചനകൾ എണ്ണിയെണ്ണി, കർഷകരാഷ്ട്രീയം പറഞ്ഞ് സംവാദം
1482040
Monday, November 25, 2024 7:21 AM IST
മലയോര സിരാകേന്ദ്രമായ ആലക്കോട്ട് ശനിയാഴ്ച ദീപിക സംഘടിപ്പിച്ച റബർ കർഷക സെമിനാർ അക്ഷരാർഥത്തിൽ റബർ കർഷകരുടെ കൂട്ടായ്മ ഉണർത്തുന്നതായിരുന്നു. കർഷകർ അവരുടെ രോദനവും ആശങ്കയും നിരാശയും പ്രതിഷേധവും അല്പം ചില പ്രതീക്ഷകളുമെല്ലാം സെമിനാറിനോടനുബന്ധിച്ച് നടന്ന സംവാദത്തിൽ പങ്കുവച്ചു.
കർഷകനെ പറഞ്ഞുപറ്റിച്ച് പട്ടിണിക്കോലമാക്കി നിലനിർത്തി, ടയർവ്യവസായ ലോബിയുടെ ദക്ഷിണ വാങ്ങി ഭരണസുഖം നിലനിർത്തുന്ന രാഷ്ട്രീയ- സർക്കാർ ലോബികളെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നും കർഷകർ സമ്മർദശക്തികളായി നിന്ന് പോരാടുകയും മറ്റു മേഖലകളിൽകൂടി ചേക്കേറുകയും ചെയ്യണമെന്ന അഭിപ്രായങ്ങളാണ് സംവാദത്തിൽ ഉയർന്നുകേട്ടത്.
ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ മോഡറേറ്ററായ നിലനില്പിന്റെ കർഷകരാഷ്ട്രീയം പറഞ്ഞ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ....
റബറിന്റെ വിലയിടിച്ചുകൊണ്ട് റബർ കർഷകരെ തകർക്കുന്ന നിലപാടുകളാണ് ടയർ ലോബികൾ സ്വീകരിക്കുന്നത്. റബറിന് 10 രൂപ വില വർധിക്കുമ്പോൾ അടുത്തമാസം ടയറിന്റെ വില വർധിപ്പിക്കും. ഒരുമാസമാകുമ്പോഴേയ്ക്കും റബർ വില താഴുകയും ടയറിന്റെ കൂട്ടിയ വില അതേപോലെ നിലനില്ക്കുകയും ചെയ്യും. ഇതാണ് ടയർ ലോബികൾ റബർ കർഷകരോട് ചെയ്യുന്നതതെന്ന് മോഡറേറ്റർ സി.കെ. കുര്യാച്ചൻ സംവാദത്തിന് ആമുഖമായി പറഞ്ഞു. നീതി ബോധം തൊട്ടുതീണ്ടാത്തവരാണ് ടയർ കമ്പനികൾ. റബർ കർഷകരെ ഒരു കാരണവശാലും ജീവിക്കാൻ അനുവദിക്കില്ലെന്ന വിധമാണ് ടയർ ലോബികൾ പ്രവർത്തിക്കുന്നത്. കർഷകരോട് യാതൊരു വിധ ആഭിമുഖ്യവുമില്ലാത്ത സർക്കാരുകൾ കർഷക വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നു. ചങ്ങാത്ത മുതലാളിത്തമാണ് നടക്കുന്നത്.
കർഷകർ മാറി ചിന്തിക്കേണ്ട സമയമായി. സബ്സിഡി കൊടുത്ത് കർഷകരെ റബർ കൃഷിയിലേക്ക് ആകർഷിച്ച് വഞ്ചിക്കുകയാണ് ചെയ്യുന്നത്. അതിനാൽ കർഷകർ അത് മനസിലാക്കി പ്രവർത്തിക്കണം.
മോഡറേറ്റർ
സി.കെ. കുര്യാച്ചൻ
(ചീഫ് ന്യൂസ് എഡിറ്റർ, ദീപിക)
റബർ കൃഷിയെ അമിതമായി ആശ്രയിക്കാതെ എല്ലാത്തരം കൃഷികളും ചെയ്യാൻ കർഷകർ
തയാറാകണം. റബർ കൃഷികൊണ്ട് ഇനി കർഷകർക്ക് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. പച്ചക്കറികളും കുരുമുളകും പഴവർഗങ്ങളും കൃഷിചെയ്യുകയാണ് വേണ്ടത്.
സിബി പാലാപ്പറമ്പിൽ
കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കർഷകരെ സഹായിക്കാൻ ആരു മുന്നോട്ടുവരും. സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും കർഷകരോട് ഒരു ബാധ്യതയുമില്ലേ. കർഷകർ ഒന്നിച്ച് പരസ്പരം സഹകരിച്ചും ചിന്തിച്ചും മുന്നേറണം. ചൂഷകവർഗത്തിൽനിന്നു രക്ഷനേടാൻ രാഷ്ട്രീയ ത്തിനപ്പുറം ചങ്കുറപ്പോടെ നിലയുറപ്പിക്കാൻ കഴിയണം.
സ്കറിയ നെല്ലംകുഴിയിൽ
(ഇൻഫാം കണ്ണൂർ
ജില്ലാ പ്രസിഡന്റ്)
റബർ കർഷകരെ സഹായിക്കാൻ സർക്കാർ അനുകൂലമായ നിലപാടുകൾ സ്വീകരിക്കണം. റബർ കൃഷിയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. ഇതിനാവശ്യമായ ശക്തമായ ഇടപെടലുകൾ നടത്താൻ കഴിയണം. ദീപിക ഇതിനാവശ്യമായ പ്രചാരണം നടത്തണം. തൊഴിലുറപ്പിൽ റബർ കൃഷിയെ ഉൾപ്പെടുത്തിയാൽ വിലത്തകർച്ചയും കാട്ടുമൃഗശല്യവും ബുദ്ധിമുട്ടുന്ന കർഷകർക്ക് അതൊരു വലിയ സഹായമായിരിക്കും.
ഫിലിപ്പ് വെളിയത്ത്
(എകെസിസി തലശേരി
അതിരൂപത പ്രസിഡന്റ് )
കർഷകർ ഒന്നിച്ച് നിന്നാൽ മാത്രമേ കർഷകർക്ക് രക്ഷപ്പെടാൻ കഴിയൂ. റബർ ഉൾപ്പെടെയുള്ളവയുടെ വിലത്തകർച്ച കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയേയും കുടുംബ ബജറ്റിനെത്തന്നെയും താളം തെറ്റിച്ചു. റബറിന്റെ വില വർധിപ്പിക്കാൻ സർക്കാരും ഇതിനുവേണ്ടി സമ്മർദ്ദം ചെലുത്താൻ കർഷക സംഘടനകളും ശ്രദ്ധിക്കണം.
മറിയാമ്മ ജോസഫ്
റബർ വില വർധിക്കുന്നതിനും റബർ കർഷകരെ രക്ഷിക്കുന്നതിനും റബർ മറ്റ് പലകാര്യങ്ങൾക്കും ഉപയോഗിക്കുന്ന രീതി നിലവിൽ വരണം. ഉദാഹരണത്തിന് റോഡ് നിർമാണത്തിൽ 30 ശതമാനം റബർ ഉപയോഗിക്കാൻ കഴിയുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. എന്നാൽ റബർ ഉപയോഗിക്കുന്നില്ലെന്നുള്ളതാണ് വസ്തുത. റബറൈസ്ഡ് റോഡുകൾ നിർമിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ തയാറാകണം.
മാത്യു സ്കറിയ
കാലാകാലങ്ങളായി ടയർ കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നു. ഇക്കാര്യങ്ങൾ വിശദമായി അവതരിപ്പിച്ച് ദീപികയിൽ വാർത്തകളും ലേഖനങ്ങളും നൽകി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. എങ്കിലും പ്രശ്നത്തിന് പരിഹാരം അകലെയാണ്. ചൂഷണത്തിനെതിരേ ഒന്നിച്ചുനിന്നേ മതിയാകൂ.
ജയിംസ് ഇമ്മാനുവൽ
(എകെസിസി തലശേരി
അതിരൂപത സെക്രട്ടറി)
കർഷകർ വിലപേശാൻ കരുത്തുള്ളവരായി മാറണം. റബർ ഉൾപ്പെടെയുള്ളവ സംഭരിച്ച വയ്ക്കാൻ കർഷകർക്ക് കഴിയണം. ഇതിന് കർഷക സംഘടനകൾ കർഷകരെ സഹായിക്കണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകർക്കായി നൽകുന്ന പണം കർഷകർക്ക് ഉപകാരപ്രദമാകുന്നവിധം വിനിയോഗിക്കാൻ കഴിയണം. സംഘടിത ശക്തിയായി കർഷകർ മാറണം.
ജയ്സൺ അട്ടാറിമാക്കൽ
റബർ തടി വിൽക്കുമ്പോൾ കർഷകർക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. ഇതിന് പരിഹാരമായി റബർ തടി കൊണ്ട് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കണം. റബർ തടി പുഴുങ്ങിയെടുത്ത് ഫർണിച്ചറുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ നിലവിലുണ്ട്. ഇതേക്കുറിച്ച് പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. വിദ്യാർഥികളെ പാർട്ട്-ടൈം ജോലി എന്ന രീതിയിൽ തോട്ടത്തിലെ പണികളിൽ സഹകരിപ്പിക്കുകയും ജോലിക്കനുസരിച്ച് പ്രതിഫലം നൽകുകയും ചെയ്യുന്നത് ഗുണകരമായിരിക്കും.
ടോമി എടാട്ടേൽ
കൃഷി നിലനിൽക്കണം. കൃഷി ഉണ്ടെങ്കിലേ നിലനിൽപ്പുള്ളൂ. ടയർ ലോബിയും റബർ ബോർഡും ഒത്തുകളിക്കുകയാണ്. റബർ ബോർഡ് തൊഴിലാളികൾക്കാവശ്യമായ രീതിയിൽ പദ്ധതികൾ തയാറാക്കണം. വെട്ടാതെ കിടക്കുന്ന നിരവധി തോട്ടങ്ങളുണ്ട്. കാർബൺ കെ്രഡിറ്റ് ഫണ്ട് കർഷകർക്ക് ലഭിക്കാൻ നടപടികൾ ഉണ്ടാകണം.
ബാബു ഡൊമിനിക്
സംവാദത്തിൽ നിരവധി കർഷകർ സജീവമായി പങ്കെടുത്തു. ജോർജ് കൊട്ടാടിക്കുന്നേൽ തേർത്തല്ലി, തോമസ് മൈലയ്ക്കൽ രയറോം, ജോജി പുളിച്ചുമാക്കൽ ചാണോക്കുണ്ട്, വി.വി. ജോസഫ് ചപ്പാരപ്പടവ്, തോമസ് ഒഴുകയിൽ തേർത്തല്ലി, പി.ജെ. ദേവസ്യ വായാട്ടുപറമ്പ്, ജോസ് തോണിക്കൽ ചെമ്പന്തൊട്ടി, സണ്ണി പല്ലുവേലിൽ ചാണോക്കുണ്ട് തുടങ്ങിയ കർഷകർ തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ചു.