ചെമ്പേരി ബസ് സ്റ്റാൻഡിനടുത്ത് ആധുനിക ഷോപ്പിംഗ് കോംപ്ലക്സും ഹാപ്പിനെസ് പാർക്കും നിർമിക്കുന്നു
1482820
Thursday, November 28, 2024 8:00 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്ത് ചെമ്പേരി ബസ് സ്റ്റാൻഡിനടുത്ത് ആധുനിക ഷോപ്പിംഗ് കോംപ്ലക്സും ഹാപ്പിനെസ് പാർക്കും നിർമിക്കുന്നു. മാർക്കറ്റ് റിവ്യൂ കെട്ടിടം പൊളിച്ചാണ് രണ്ട് നിലകളുള്ള കെട്ടിടം പണിയുക. 1.5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഇതിന്റെ മൂന്നാം നിലയിൽ പൊതുപരിപാടികൾക്കുള്ള ഹാൾ നിർമിക്കാനും പദ്ധതിയുണ്ട്. മണ്ണ് പരിശോധന പൂർത്തിയായി.
എസ്റ്റിമേറ്റ് ഉടൻ തയാറാക്കി അടുത്തമാസം ഒടുവിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ ചെമ്പേരിയിലെ ഈ സ്ഥലത്ത് 12 കോടി രൂപ ചെലവിൽ സിറ്റി സെന്റർ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
നബാഡിൽനിന്നുള്ള സാമ്പത്തികം കണക്കാക്കിയാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം നിർമിക്കുന്ന ചെമ്പേരി മാർക്കറ്റിനടുത്തുള്ള പച്ചത്തുരുത്ത് കെട്ടിപ്പൊക്കി ചെക്ഡാമും ഹാപ്പിനസ് പാർക്കും നിർമിക്കാനും പദ്ധതിയുണ്ട്.
ഇതിനായി കഴിഞ്ഞ ബജറ്റിൽ ഒന്നാം ഘട്ടമായി 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഹാപ്പിനസ് പാർക്കിന്റെ ഭാഗമായി പുഴയോട് ചേർന്ന് പൂന്തോട്ടവും ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യവുമൊക്കെ ഒരുക്കും. ചെമ്പേരി ബസ് സ്റ്റാൻഡിനോട് ചേർന്ന് പുതിയപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ പിന്നിൽ ബസ് സ്റ്റാൻഡ് സജീവമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബിയും വൈസ് പ്രസിഡന്റ് മധു തൊട്ടിയിലും പറഞ്ഞു. ഇപ്പോൾ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽ വന്ന് തിരിച്ചു പോകുകയാണ് ചെയ്യുന്നത്. ഇത് ഗതാഗതകുരുക്കിനും കാരണമാവുന്നുണ്ട്.