തലശേരി അതിരൂപത ദിവ്യകാരുണ്യ കോൺഗ്രസ് തോമാപുരത്ത്
1482548
Wednesday, November 27, 2024 7:22 AM IST
ചിറ്റാരിക്കാൽ: കേരള സഭാ നവീകരണത്തിന്റെ ഭാഗമായും തലശേരി അതിരൂപത ദിവ്യകാരുണ്യ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചും അതിരൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ് ഡിസംബർ 11 മുതൽ 14 വരെ തോമാപുരത്ത് നടക്കും. അതിരൂപതയിലെ 210 ഇടവകകളിലെ 80000 ത്തിലധികം വരുന്ന കുടുംബങ്ങളെ പ്രതിനിധീകരിച്ച് ഇരുപതിനായിരത്തിലധികം പേർ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കും.
ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായുള്ള വിശ്വാസം ആഴപ്പെടുത്തുക, സഭയിലും സമൂഹത്തിലും ഉള്ള കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക, ദിവ്യകാരുണ്യത്തിലൂടെ സഹജീവികളോടുള്ള ജീവകാരുണ്യം യാഥാർഥ്യമാക്കുക, ജീവനും സൗഖ്യവും സാഹോദര്യവും സമാധാനവും സാധ്യമാക്കുക എന്നിവയാണ് ദിവ്യകാരുണ്യ കോൺഗ്രസിന്റെ ലക്ഷ്യങ്ങളായി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എടുത്തുപറഞ്ഞിട്ടുള്ളത്.
ഡിസംബർ 11, 12, 13 ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ പ്രശസ്ത ധ്യാനഗുരു ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവൻഷൻ നടക്കും. കൺവൻഷനിലേക്ക് എത്തിച്ചേരാനും തിരികെ പോകാനും വിപുലമായ വാഹന സൗകര്യമൊരുക്കിയിട്ടുണ്ട്. 12, 13 ദിവസങ്ങളിൽ രാവിലെ 10 മുതൽ 3.30 വരെ യുവജനങ്ങൾക്കായി സിമ്പോസിയം നടക്കും. ക്രിസ്തീയ വിശ്വാസം, ദൈവവചന വ്യാഖ്യാനം, സമുദായം നേരിടുന്ന വെല്ലുവിളികൾ, സമുദായ ശാക്തീകരണതലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരായ 20 വ്യക്തികൾ വിഷയാവതരണത്തിനും സംവാദത്തിനും നേതൃത്വം നൽകും.
അതിരൂപതയിലെ 210 ഇടവകകളിൽനിന്നുള്ള ആയിരത്തി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ദിവ്യകാരുണ്യ പഠനശിബിരം 14 ന് രാവിലെ 10 മുതൽ 3.30 വരെ നടക്കും. പരിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന അന്ത്യ അത്താഴം, മിശിഹായുടെ കുരിശുമരണം, ഉത്ഥാനം, വിശുദ്ധ ഗ്രന്ഥത്തിലെ ദിവ്യകാരുണ്യ പ്രതീകങ്ങൾ തുടങ്ങിയവയുടെ ലൈവ് ഷോയും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ സ്റ്റിൽ മോഡലുകളും ദിവ്യകാരുണ്യ മിഷനറി സന്യാസ സഭയുടെ നേതൃത്വത്തിലുള്ള എക്സിബിഷനിൽ അവതരിപ്പിക്കും.
12 അപ്പോസ്തലന്മാരും 12 മൂപ്പന്മാരും സംവഹിക്കുന്ന പേടകത്തിന്റെ വെളിപാട് പുസ്തകത്തിലെ ദർശനത്തിന് സമാനമായി തിരുവസ്ത്രങ്ങളണിഞ്ഞ 24 വൈദികർ സംവഹിക്കുന്ന പുഷ്പാലംകൃത പല്ലക്കിൽ ദിവ്യകാരുണ്യം എഴുന്നള്ളിക്കും. ആദ്യകുർബാന വേഷം ധരിച്ച 1500 കുട്ടികൾ പുഷ്പതാലങ്ങൾ വഹിക്കും. 40 കൈമണികളും 40 വലിയ തിരികളുമായി 80 അൾത്താര ബാലന്മാരും 40 ധൂപക്കുറ്റികളേന്തി അതിരൂപതയിലെ ഡീക്കന്മാരും മേജർ സെമിനാരി വിദ്യാർഥികളും മെത്രാന്മാർക്കും വൈദികർക്കും സന്യാസിനി സന്യാസികൾക്കും ആയിരത്തിലധികം വരുന്ന ഡെലിഗേറ്റ്സിനുമൊപ്പം ദിവ്യകാരുണ്യ പേടകത്തിന് മുന്നിലും പിന്നിലുമായി അകമ്പടി സേവിക്കും. മുത്തുക്കുടകളേന്തിയ 1500 അമ്മമാർ ദിവ്യകാരുണ്യ പ്രദക്ഷിണ വഴിയിൽ അണിനിരക്കും.
ദിവ്യകാരുണ്യ കോൺഗ്രസ് ദിനങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ ജോസഫ് പണ്ടാരശേരിൽ, മാർ അലക്സ് താരാമംഗലം എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
പത്രസമ്മേളനത്തിൽ ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ മോൺ. മാത്യു ഇളംതുരുത്തിപടവിൽ, തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവെട്ടം, റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ.ജോസഫ് തൈക്കുന്നുംപുറം, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. മാർട്ടിൻ മാമ്പുഴക്കൽ, ഫാ. ജെറിൻ മരശേരിയിൽ, ഫാ. ആൽബിൻ തെങ്ങുംപള്ളിൽ, സാബു കണ്ടത്തിൻകര, ഷിജിത്ത് കുഴുവേലിൽ, വർക്കി മടുക്കാംപുറത്ത് എന്നിവർ പങ്കെടുത്തു.