കേന്ദ്രം സ്വീകരിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികൾ: മുഖ്യമന്ത്രി
1482185
Tuesday, November 26, 2024 6:35 AM IST
കൂത്തുപറമ്പ്: ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഭരണത്തിൽ രാജ്യത്ത് സാമ്പത്തിക അസമത്വമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാലു വോട്ടിന് വേണ്ടി ഏത് വർഗീയ ശക്തിയേയും ചേർത്ത് പിടിക്കാൻ കോൺഗ്രസിന് യാതൊരു മടിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പാലക്കാട് ഞങ്ങളെ വിജയിപ്പിച്ചതിൽ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന് അഭിമാനത്തോടെ കോൺഗ്രസ് നേതാവ് പറയുന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ, വത്സൻ പനോളി , എം. സുരേന്ദ്രൻ ,വി.കെ. സനോജ്, വി. വസീഫ്, കെ.ലീല , സരിൻ ശശി, മുഹമ്മദ് അഫ്സൽ, വി.ഷിജിത്ത് എന്നിവർ പ്രസംഗിച്ചു.