"ആന്റി ബയോട്ടിക് പ്രയോഗ'ത്തിൽ കോഴിവില കുത്തനെ ഇടിഞ്ഞു
1482549
Wednesday, November 27, 2024 7:22 AM IST
പെരുമ്പടവ്: ബ്രോയിലർ കോഴികളിലെ ആന്റി ബയോട്ടിക്, കൃത്രിമ ഹോർമോണ്‍ ഉപയോഗം സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് പിന്നാലെ ചിക്കൻ വില കുത്തനെ ഇടിഞ്ഞു. ശബരിമല സീസണായതോടെ കോഴി വില ദൈനംദിനം കുറയുന്നതിന് പിറകെയാണ് ആന്റി ബയോട്ടിക് ആരോപണവും തിരിച്ചടിയായത്. ഇതോടെ ചില്ലറ വില്പന വില നൂറിലും താഴെ എത്തി. ക്രിസ്മസ് നോമ്പു കൂടി എത്തുന്നതോടെ വില വീണ്ടും ഇടിയുമെന്ന ആശങ്കയിലാണ് കോഴിക്കർഷകർ.
കേരളത്തിൽ പ്രതിദിനം പത്തുലക്ഷം ഇറച്ചിക്കോഴികളെ വില്‍ക്കുന്നുണ്ടെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാൽ കേരളത്തിന് ആവശ്യമായ കോഴിയുടെ പത്തിലൊന്നു പോലും ഇവിടെ ഉത്പാദിപ്പി ക്കുന്നുമില്ല. തമിഴ്നാട്ടിൽ നിന്നടക്കം കോഴികളെ എത്തിച്ചാണ് മലയാളികളുടെ തീൻമേശയിൽ ചിക്കൻ വിഭവങ്ങൾ എത്തുന്നത്. വലിയ സാധ്യത ഉണ്ടായിട്ടും കേരളത്തിൽ കോഴിക്കർഷകർക്ക് നഷ്ടത്തിന്റെ കണക്കുകളെ പറയാനുള്ളൂ.
കോവിഡിന് മുമ്പ് മൂന്നു ലക്ഷത്തോളം കോഴിഫാമുകൾ ഉണ്ടായിരുന്നത് ഇപ്പോൾ ഒരു ലക്ഷത്തിൽ താഴെയായി കുറഞ്ഞു. തമിഴ്നാട്ടിലെ വൻകിട കോഴി ഫാമുകളുടെ കൂട്ടായ്മ വില ഏകപക്ഷീയമായി തീരുമാനിക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവന്നാൽ മാത്രമേ ഇവിടെയുള്ള കോഴി കർഷകർക്ക് പിടിച്ചു നില ക്കാൻ സാധിക്കൂ. കേരളത്തിലെ കോഴിഫാമുകളെ തകർക്കാൻ വേണ്ടി കോഴിക്കുഞ്ഞുങ്ങളുടെ വില വർധിപ്പിക്കുകയാണ് സാധാരണ തമിഴ്നാട് ചെയ്തുവരുന്നത്.
അടിക്കടി കോഴിക്കുഞ്ഞുങ്ങളുടെ വില വർധിപ്പിക്കുമ്പോൾ തമിഴ്നാട്ടിലെ ഫാമുകൾക്ക് കുറഞ്ഞ നിരക്കിൽ കോഴിക്കുഞ്ഞുങ്ങളെ നല്‍കുകയും ചെയ്യും. 40 ദിവസം വേണം കോഴി പൂർണ വളർച്ചയിൽ എത്താൻ. ഈ സമയത്ത് മൂന്നര കിലോ കോഴി തീറ്റയും കൊടുക്കണം. ഇതിന്റെ വില കണക്കാക്കു മ്പോൾ ഒരു കിലോ കോഴിയിറച്ചിക്ക് 120 രൂപ ചെലവ് വരുന്നുണ്ട്. എന്നാൽ കർഷകന് ഫാമിൽ ലഭിക്കുന്നത് കിലോയ്ക്ക് 80 ൽ താഴെ രൂപ മാത്രമാണ്.
ഇതിൽനിന്ന് വൈദ്യുതി ചാർജ്, മരുന്നിന്റെ ചെലവ് അധ്വാനം കൂടാതെ അറക്കപ്പൊടി അല്ലെങ്കിൽ ചകിരിച്ചോറ് എന്നിവയുടെ ചെലവും കണ്ടെത്തണം. ഇതിന് പുറമേയാണ് രോഗങ്ങൾ വന്ന് കോഴി ചത്തുപോകുന്നത്. ഇതുകൂടി കണക്കാക്കിയാൽ കോഴി വളർത്തൽ വലിയ നഷ്ടത്തിലേക്കാണ് പോകുന്നത്. മുന്‍പ് അറക്കപ്പൊടി വെറുതെ കിട്ടിയിരുന്നതാണ്. എന്നാൽ ഇപ്പോൾ 100 രൂപ ഒരു ചാക്കിന് നല്‍കണം. അറക്കപ്പൊടി അടങ്ങിയ കോഴിക്കാഷ്ഠം വാങ്ങാൻ കർഷകർ തയാറാകാത്ത തിനാൽ ഇപ്പോൾ ഏറെയും ചകിരിച്ചോറാണ് ഉപയോഗിക്കുന്നത്. ഇതിന് ചാക്കിന് 150 രൂപ നൽകണം.
കോഴിക്കാഷ്ഠം ഉൾപ്പെടെ സമയത്ത് നീക്കം ചെയ്തില്ലെങ്കിൽ പരിസരവാസികൾ ഉൾപ്പെടെ പ്രശ്ന ങ്ങൾ സൃഷ്ടിക്കും. 40 ദിവസം മാത്രമേ ഒരു കോഴിയെ വളർത്താൻ എടുക്കുന്നുള്ളൂ എന്നതിനാൽ ഫാമുകൾക്ക് ലൈസൻസും പഞ്ചായത്തുകൾ നൽകാറില്ല. അതുകൊണ്ടുതന്നെ ബാങ്ക് ലോൺ ലഭിക്കില്ല.
മിക്ക കർഷകരും ബ്ലേഡ് പലിശയ്ക്കാണ് പണം കണ്ടെത്തി കൃഷി തുടരുന്നത്. വലിയ മുതൽമുടക്കിൽ ഫാമുകൾ തുടങ്ങിയതിനാൽ നടത്തിക്കൊണ്ടു പോകാനും നിർത്തിവയ്ക്കാനും പറ്റാത്ത ഗതികേടി ലാണ് മിക്ക കർഷകരും. ഒരു തവണ കോഴിയെ ഇടുമ്പോൾ ഒരു ലക്ഷം രൂപ വരെ നഷ്ടം വരുന്നതായും കർഷകർ പറയുന്നു.
എന്നിരുന്നാലും അടുത്ത തവണ ഇത് തിരികെ പിടിക്കാം എന്ന വിശ്വാസത്തി ലാണ് വീണ്ടും കോഴിക്കുഞ്ഞുങ്ങളെ ഇടുന്നത്. വലിയ സാധ്യതയുള്ള കോഴിഫാം മേഖലയെ വളർത്തണമെങ്കിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം.
കോഴിക്കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും സബ്സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും കോഴിഫാമിന് ആവശ്യമായ വൈദ്യുതി സൗജന്യമായി നൽകണമെന്നും കോഴിക്കർഷകരെ തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തണമെന്നും, വില സ്ഥിരത ലഭ്യമാക്കണമെന്നുമാണ് കോഴിക്കർഷകർ ആവശ്യപ്പെടുന്നത്.
കോഴിക്ക് ആവശ്യക്കാർ കുറയുകയും ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതും കാരണം ഏജന്റുമാർ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.
ആന്റിബയോട്ടിക് സാന്നിധ്യം സംബന്ധിച്ച പ്രചാരണത്തിന് പിന്നാലെ കോഴി വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതായി കോഴിക്കടക്കാർ പറയുന്നു. വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വെറ്ററിനറി ഡോക്ടർമാർ രംഗത്തുവന്നതിന് പിന്നാലെയാണ് കച്ചവടം കുറച്ച് ഭേദപ്പെട്ടെതെന്ന് ഇവർ പറയുന്നു.
കോഴിയിറച്ചിയല്ല, കോഴിക്കാഷ്ടം പരിശോധിച്ചാണ് ആന്റി ബയോട്ടിക് സാന്നിധ്യമുണ്ടെന്ന് അവകാ ശപ്പെടുന്നതെന്നാണ് കോഴി ഫാം ഉടമകളുടെ സംഘടനകളുടെ വാദം. വ്യാജ പ്രചാരണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് സർക്കാർ ഏജൻസിസായ കെപ്കോ, വെറ്ററിനറി ഡോക്ടർമാർ, കോഴി ഫാം സംഘടനകള്‍ എന്നിവർ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.