വസ്ത്ര വ്യാപാര സ്ഥാപനത്തിലെ മോഷണം: തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
1479891
Sunday, November 17, 2024 8:00 AM IST
ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെയാണ് ( 61) കോഴിക്കോട് വച്ച് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണം നടന്ന അടുത്ത ദിവസങ്ങളിൽ തന്നെ ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ആഴ്ചകളോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് പ്രതിയെ കോഴിക്കോട്നിന്ന് കസ്റ്റഡിയിലെടുത്തത്. മോഷണത്തിന് രണ്ടുദിവസം മുമ്പ് ഇരിട്ടിയിൽ എത്തിയ പ്രതി സമീപത്തെ ബാറുകളിൽ എത്തി മദ്യപിച്ചിരുന്നു.അതിനിടയിലാണ് മോഷണം നടത്തേണ്ട സ്ഥാപനം കണ്ടെത്തിയത്.
മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത പ്രതി മോഷണം നടത്തിയ ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചുറ്റിനടന്ന് ആർഭാട ജീവിതം നയിക്കുകയാണ് പതിവെന്നും കെഎസ്ആർടിസി ദീർഘദൂര ബസുകളിലാണ് യാത്രകൾ അധികവുമെന്നും പോലീസ് പറഞ്ഞു. ഇരിട്ടി എസ്ഐ ഷറഫുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജോയ്, പ്രബീഷ്, സുകേഷ്, ബിജു, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.