മുഹമ്മദ് മുഷ്റഫ് സന്തോഷ് ട്രോഫി ടീമില്‍
1479889
Sunday, November 17, 2024 8:00 AM IST
പയ്യന്നൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നല്‍ പിണരായി മാറിയ പയ്യന്നൂര്‍ കുന്നരു പുതിയ പുഴക്കരയിലെ മുഹമ്മദ് മുഷ്റഫ് കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടീമില്‍. കണ്ണൂര്‍ ജില്ലയില്‍നിന്ന് കേരള ടീമിലുള്ള ഏക കളിക്കാരനും മുഷ്റഫാണ്.ഹൈദരബാദ് എഫ്സി ടീമിലൂടെയാണ് മുഷ്റഫ് പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തേക്കെത്തിയത്.
കുന്നരു സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഫുട്ബോളിനോടുള്ള പ്രണയം. കുഞ്ഞിമംഗലം ഹയര്‍ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. ഇതിനിടയില്‍ കുഞ്ഞിമംഗലം കുമാര്‍ ക്ലബിന്റെ പ്രഭാത പരിശീലനവും തുടര്‍ന്ന് കുഞ്ഞിമംഗലം ഫുട്ബോള്‍ അക്കാഡമി, തൃക്കരിപ്പൂര്‍ ഫുട്ബോള്‍ അക്കാഡമി എന്നിവിടങ്ങളിലെ പരിശീലനങ്ങളുമാണ് മുഷ്റഫിനെ മികച്ച ഫുട്ബോളറാക്കിയത്.
കേരളത്തിനായി 2018-19 വര്‍ഷം ജൂണിയര്‍ നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലും കണ്ണൂര്‍ സര്‍വകലാശാലയ്ക്കായി 2022-23 വര്‍ഷം ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്നും ബിഎ ഹിസ്റ്ററി പഠനം പൂര്‍ത്തിയാക്കിയതോടെ ഫുട്ബോളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
20ന് കോഴിക്കോട് നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് മുഷ്റഫ്. ഫുട്ബോള്‍ താരമായിരുന്ന പിതാവ് മുഹമ്മദ് അഷ്റഫാണ് തന്റെ പ്രചോദനവും വഴികാട്ടിയുമെന്ന് മുഷ്റഫ് പറഞ്ഞു. റംലയാണ് മാതാവ്.കുന്നരു മലയാളം വായനശാല സ്പോര്‍ട്സ് വിംഗ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് മുഷ്റഫ്.