ജില്ലാ സ്കൂള്‍ കലോത്സവം: 19ന് അരങ്ങുണരും
1479877
Sunday, November 17, 2024 7:58 AM IST
പയ്യന്നൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 19 മുതല്‍ 23 വരെ പയ്യന്നൂരില്‍ നടക്കും. 19ന് വൈകുന്നേരം നാലിന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. വി. ശിവദാസൻ എംപി, എം. വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥികളും സിനി ആർട്ടിസ്റ്റ് ഉണ്ണിരാജ വിശിഷ്ടാതിഥിയുമാകും. ഡിഡി ബാബു മഹേശ്വരി പ്രസാദ് സ്വാഗതം പറയും.
23ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എംപി, രാജ് മോഹൻ ഉണ്ണിത്താൻ എംപി, കെ.കെ. ശൈലജ എംഎൽഎ, സജീവ് ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്യും. സിനി ആർട്ടിസ്റ്റ് പി.പി. കുഞ്ഞികൃഷ്ണൻ, ചലച്ചിത്ര ജ്യൂറി പുരസ്കാര ജേതാവ് കെ.സി. കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളാകും. നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത പുരസ്കാര വിതരണം നിർവഹിക്കും.
15 സബ് ജില്ലകളിലെ 10,695 പ്രതിഭകൾ 17 വേദികളിലായി 319 ഇനം മത്സരങ്ങളിൽ മാറ്റുരയ്ക്കും. രചനാ മത്സരങ്ങൾ ഒന്നാം ദിവസം തന്നെ സമാപിക്കും. യുപി വിഭാഗത്തിൽ 38, ഹൈസ്കൂൾ വിഭാഗത്തിൽ 101, ഹയർ സെക്കൻഡറി വിഭാഗത്തിൽ 110 എന്നിങ്ങനെ 249 ജനറൽ ഇനങ്ങളാണ് ഉണ്ടാകുക. സംസ്കൃതം കലോത്സവത്തിന് 38 ഇനങ്ങളും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളും ഉണ്ടായിരിക്കും. പയ്യന്നൂർ കെ.യു. ദാമോദര പൊതുവാളിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്. മാലിന്യ നിയന്ത്രണത്തിന്റെ ഭാഗമായി മത്സരാർഥികൾക്കുള്ള പാർസൽ ഭക്ഷണത്തിന് ടിഫിൻ ബോക്സ് കൊണ്ടുവരുന്നതിന് എല്ലാ സ്കൂളുകൾക്കും നിർദേശം നലകിയിട്ടുണ്ട്.
ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ
കലോത്സവ നഗരിയിൽ എത്തിച്ചേരുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ബിഇഎൽപി സ്കൂളിൽ രണ്ട് ക്ലാസ് റൂമുകളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം മത്സര സമയങ്ങളിൽ ഉണ്ടായിരിക്കും.
അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സേവനം സജ്ജമാണ്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളുമായി ആവശ്യമെങ്കിൽ ആതുരസേവനം ലഭ്യമാക്കാൻ ധാരണയായിട്ടുണ്ട്. അത്യാഹിതങ്ങൾ ഒഴിവാക്കുന്നതിനായി ഫയർ ആൻഡ് റെസ് ക്യു സംവിധാനം തയാറാണ്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കുടിവെള്ളം സ്റ്റേജിനോട് ചേർന്ന് തന്നെ തയാറാക്കും. നിയമപാലനത്തിനായി പോലീസ് വകുപ്പുമായി ചേർന്ന് ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് പ്രശ്നങ്ങൾ ഒഴിവാക്കാൻ യൂണിഫോമിലല്ലാത്ത വിവിധ പോലീസ് വിഭാഗങ്ങൾ കലോത്സവ നഗരിയിൽ ജാഗ്രതയോടെ പ്രവർത്തിക്കും. എൻഎസ്എസ്, എസ്പിസി എന്നീ വിദ്യാർഥി വിഭാഗങ്ങൾ സദാ സമയം സേവന സന്നദ്ധരായിട്ടുണ്ട്.
മികവുകൾക്ക് ട്രോഫികൾ
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലെയും ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് ഓവറോൾ റോളിംഗ് ട്രോഫി നല്‍കും. ഇവയുടെ ജനറൽ വിഭാഗത്തിൽ ഒന്നും രണ്ടും ഓവറോൾ ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിംഗ് ട്രോഫി നല്‍കും. സംസ്കൃതം കലോത്സവം അറബിക് കലോത്സവം എന്നിവിഭാഗങ്ങളിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിംഗ് ട്രോഫി നല്‍കും. ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന സ്കൂളുകൾക്ക് പ്രത്യേകം റോളിംഗ് ട്രോഫി ഉണ്ടായിരിക്കും. എല്ലാ വിഭാഗത്തിലെയും പോയിന്റ് കണക്കിലെടുത്ത് ഏറ്റവും കൂടുതൽ പോയിന്റുള്ള സ്കൂളിന് റോളിംഗ് ട്രോഫി ഉണ്ടായിരിക്കും. കൂടാതെ നാടകം ഗ്രൂപ്പ് ഡാൻസ്, ചവിട്ടുനാടകം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫി നല്‍കുന്നുണ്ട്.
രജിസ്ട്രേഷൻ നാളെ മുതൽ
നാളെ രാവിലെ 11 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 15 ഉപജില്ലകളിലെയും പ്രോഗ്രാം കൺവീനർമാർ, മത്സരാർഥികൾ എന്നിവർക്കുള്ള ബോയ്സ് ഹൈസ്കൂളിൽ നിന്നും കൈപ്പറ്റാവുന്നതാണ്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എംഎൽഎ, വര്‍ക്കിംഗ് ചെയര്‍മന്‍ പയ്യന്നൂര്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി. ലളിത, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ യു.കെ. ബാലചന്ദ്രന്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് എം. പ്രസാദ്, കണ്‍വീനര്‍ ടി.കെ. രാജേഷ് പ്രിന്‍സിപ്പൽ എം.പി. സതീഷ്കുമാര്‍, കെ. ശ്രീലത എന്നിവർ പങ്കെടുത്തു.
< b>ഗതാഗത-പാർക്കിംഗ് നിയന്ത്രണങ്ങൾ
മത്സരാർഥികളെയും കൊണ്ടുവരുന്ന സ്കൂൾ ബസ് പോലുള്ള വലിയ വാഹനങ്ങൾ കുട്ടികളെ സെൻട്രൽ ബസാറിൽ ഇറക്കിയ ശേഷം ബികെഎം ജംഗ്ഷൻ, എൽഐ സി ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ്. കലോത്സവ ദിവസങ്ങളിൽ സെൻട്രൽ ബസാർ ട്രാഫിക് സിഗ്നൽ ജംഗ്ഷൻ മുതൽ ട്രഷറി വരെയുള്ള റോഡ് വൺവേ ആയിരിക്കും. ഒരു വാഹനവും സ്കൂൾ കോമ്പൗണ്ടിനകത്തേക്ക് കടത്തിവിടുന്നതല്ല. ബോയ്സ് സ്കൂൾ റോഡിലെ ഓട്ടോ പാർക്കിംഗ് മാറ്റി ക്രമീകരിക്കും.
ഗതാഗത നിയന്ത്രണത്തിനും സുഗമമായ പാർക്കിംഗിനും സിവിൽ ഡിഫൻസ് വോളന്റിയേഴ്സിന്റെ സേവനം ലഭ്യമാക്കുന്നതാണ്. ഗാന്ധി പാർക്കിലേക്കുള്ള പ്രവേശനവും വൺവേ ആക്കി നിയന്ത്രിക്കും.
പോലീസ് മൈതാനം
( ടൂ വീലർ, ത്രീവീലർ, കാർ, മറ്റ് ചെറുവാഹനങ്ങൾ).
പുതിയ ബസ്സ്റ്റാൻഡ്
(സ്കൂൾ ബസ്. മറ്റ് വലിയ വാഹനങ്ങൾ തുടങ്ങിയവ)
സുമംഗലീ ടാക്കീസിന് മുൻവശം
(ചെറിയ വാഹനങ്ങൾ മാത്രം)
ഗേൾസ് സ്കൂളിന്റെ മുൻവശത്തുള്ള സബാ ഹോസ്പിറ്റലിന്റെ പാർക്കിംഗ് സ്ഥലവും ഉപയോഗിക്കാവുന്നതാണ്.