പരിതാപകരം നെടുവോട് തൂക്കുപാലം
1479874
Sunday, November 17, 2024 7:58 AM IST
തേർത്തല്ലി: അഞ്ചുപതിറ്റാണ്ടിലേറെക്കാലം ജനങ്ങൾക്ക് ആശ്രയമായിരുന്ന രയറോം-നെടുവോട് കമ്പി തൂക്കുപാലം കമ്പി പൊട്ടിയും പലക ദ്രവിച്ചും തകർന്ന നിലയിൽ. അപകടാവസ്ഥയിലായ പാലം എട്ടുവർഷത്തിലധികമായി ജനങ്ങൾക്ക് ഉപകരിക്കപ്പെടുന്നില്ല. കുട്ടാപറമ്പിനും നെടുവോടിനും ഇടയിൽ രയറോംപുഴയ്ക്ക് കുറുകെയാണ് പാലം. മൂന്നുവർഷം മുമ്പുവരെ പലകയിൽ ചവിട്ടി കമ്പിയിലൂടെ സാഹസികമായി കടന്നുപോയിരുന്നു.
ഇപ്പോൾ പാലം കാടുകയറി മൂടിയ നിലയിലാണ്. പരപ്പ, നെടുവോട്, മൂന്നാംകുന്ന്, കുട്ടാപറമ്പ് വാർഡുകളിലെ ജനങ്ങൾക്ക് ഉപകരിക്കുന്നതാണ് ഈ പാലം. പാലത്തിന്റെ കാര്യത്തിൽ മുട്ടാത്ത വാതിലുകളില്ലന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ച് വർഷം മുമ്പുവരെ മണക്കടവ്, കാർത്തികപുരം, ആലക്കോട്, വായട്ടുപറമ്പ് സ്കൂളുകളിലെ കുട്ടികളും സ്ത്രീകളും അടയ്ക്കം നൂറു കണക്കിനു ആളുകൾ സ്ഥിരമായി നടന്നിരുന്നത് ഈ പാലത്തിലൂടെയാണ്. പാലം നന്നാക്കാനോ ജനങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കാനോ ആലക്കോട് പഞ്ചായത്ത് നടപടി എടുക്കുന്നില്ലന്ന് ജനങ്ങൾക്ക് പരാതിയുണ്ട്.