ഇന്ദിരാഗാന്ധി സേവനരത്ന പുരസ്കാരം സിസ്റ്റർ റോസ്മേരി സേവ്യറിന്
1479887
Sunday, November 17, 2024 7:58 AM IST
പഴയങ്ങാടി: ചെറുകുന്ന് മഹാത്മ സേവാഗ്രാം ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധി സേവനരത്ന പുരസ്കാരത്തിന് സിസ്റ്റർ റോസ്മേരി സേവ്യർ അർഹയായി.
ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി നടത്തിയ സേവന മികവ് മുൻനിർത്തിയാണ് പുരസ്കാരം. ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി-പോറസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായും മാനേജരായും സിസ്റ്റർ റോസ് മേരി ദീർഘകാലം പ്രവർത്തിച്ചു.
കനോസ സ്കൂൾ ഓഫ് നഴ്സിംഗിലും കോളജ് ഓഫ് നഴ്സിംഗിലും ട്യൂട്ടറായും പ്രിൻസിപ്പലായും രണ്ട് പതിറ്റാണ്ടിലേറെക്കാലം സേവനം ചെയ്ത സിസ്റ്റർ കോൺവന്റ് മദർ സുപ്പീരിയർ എന്ന നിലയിലും തന്റെ കർമമേഖല കണ്ടെത്തി.
ചെറുകുന്നിൽ മദർ സാല പാലിയറ്റീവ് കെയർ സെന്ററും സൈക്കോ റിഹാബിലിറ്റേഷൻ സെന്ററും നഴ്സിംഗ് കോളജും തുടങ്ങുവാൻ മുൻകൈയെടുത്ത് നടപ്പിലാക്കിയത് സിസ്റ്റർ റോസ്മേരിയുടെ മികവാർന്ന പ്രവർത്തനമാണ്.
ലെപ്രസി സെന്ററിൽ മദർ സാലയോടൊപ്പം സ്റ്റാഫംഗമായും സിസ്റ്റർ റോസ്മേരി പ്രവർത്തിച്ചിട്ടുണ്ട്.19ന് വൈകുന്നേരം നാലിന് ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി-പോറസ് ഹോസ്പിറ്റൽ പരിസരത്തു നടക്കുന്ന ചടങ്ങിൽ ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം നൽകും.