അലഞ്ഞു തിരിയുന്ന മൃഗങ്ങൾ ജനജീവിതം ദുസഹമാക്കുന്നു
1479882
Sunday, November 17, 2024 7:58 AM IST
കണ്ണൂര്‍: കോര്പറേഷന് പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെകൊണ്ടും തെരുവ് നായകള്കൊണ്ടും പന്നികളെ കൊണ്ടും ജനങ്ങളുടെ ജീവിതം ദുസഹമായെന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പരാതിപ്പെട്ടു.
തെരുവ് നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാന്‍ തയാറാണെന്നും എന്നാല്‍, അതിനുള്ള സ്ഥലം എവിടെയും കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്രതിസന്ധയിയെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു. അതേസമയം, ചത്ത തെരുവ് നായ്ക്കളെ മറവു ചെയ്യാനുള്ള സൗകര്യം എവിടെയുമില്ലെന്നും ജനവാസ മേഖലകളില്‍ പന്നിശല്യം രൂക്ഷമാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് തദ്ദേശസ്ഥാപനങ്ങള്ക്കുണ്ടെങ്കിലും വെടിവയ്ക്കാനുള്ള ആളുകളെ ലഭിക്കാത്തതും പ്രതിസന്ധിയാണെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. പന്നികളെ വെടിവയ്ക്കാന്‍ ആരെങ്കിലും ലഭിച്ചാല്‍ തന്നെ അവരുടെ ചെലവ് മൊത്തം വഹിക്കേണ്ട അവസ്ഥ അവിടത്തെ ജനങ്ങള്‍ക്കാണ്. ഇത് വലിയ ബാധ്യതയാണെന്നും അതിനാല്‍ കോര്പറേഷന് ഇതിനായി ധനസഹായം പ്രഖ്യാപിക്കണെന്നും ആവശ്യം ഉയര്‍ന്നു.
നഗരത്തില്‍ കന്നുകാലികളെ അലക്ഷ്യമായി അഴിച്ചു വിടുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ കോര്പറേഷന് പോലീസുമായി ധാരണയായിട്ടുണ്ട്. ഇത്തരത്തില്‍ പിടിച്ചു കെട്ടുന്ന കന്നുകാലികളെ വിട്ടുകൊടുക്കുമ്പോള്‍ പിടുത്ത കൂലിയായി കന്നുകാലിക്ക് 5000 രൂപ, കന്നുകുട്ടികള്‍ക്ക് ഒന്നിന് 3000, ഒരുദിവസത്തെ ഭക്ഷണത്തിന് 1000 എന്നിങ്ങനെയായി വര്ധിപ്പിച്ചിപ്പിട്ടുണ്ട്.
സിറ്റി ഗ്യാസ് പദ്ധതി, കുടിവെള്ള പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയവുടെ പ്രവൃത്തിയുമായി പൊട്ടിപൊളിച്ച് ടാറിംഗ് ചെയ്ത റോഡുകള്‍ പകുതിയും ശോചനീയാവസ്ഥയിലാണെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. റോഡിന്റെ റീസ്റ്റോറേഷന് വര്‍ക്ക് അടുത്ത മാസം 10ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ദുരന്തങ്ങളിൽ രാഷ്ട്രീയം കാണരുതെന്ന് മേയര്‍ പറഞ്ഞു.