ഷെയർ ട്രേഡിംഗ്: പ്രവാസിയുടെ 47 ലക്ഷം തട്ടിയ കേസിലെ രണ്ടുപേർ അറസ്റ്റിൽ
1479888
Sunday, November 17, 2024 8:00 AM IST
കണ്ണൂർ: ഗൾഫിൽ ജോലി ചെയ്യുന്ന ചാലാട് സ്വദേശിയിൽനിന്ന് ഷെയർ ട്രേഡിംഗിന്റെ പേരിൽ 47 ലക്ഷം തട്ടിയെടുത്ത കേസിലെ രണ്ടുപ്രതികൾ അറസ്റ്റിൽ. കാസർഗോഡ് പള്ളിക്കര സ്വദേശി അബ്ദുൾ മജീദ് മൂക്കോട് അഹമ്മദ്( 67), തളങ്കരയിലെ അബ്ദുൾ സമദാനി ( 35 )എന്നിവരെയാണ് സൈബർ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കാസർഗോഡ് വച്ച് അറസ്റ്റ് ചെയ്തത്.
അബ്ദുൾ മജീദിന്റെ അക്കൗണ്ടിലേക്ക് ഷെയർ ട്രേഡിംഗിനെന്ന വ്യാജേന ചാലാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപയും അബ്ദുൾ സമദാനി ട്രേഡിംഗിന്റെ പേരിൽ അഞ്ചു ലക്ഷം രൂപയുമാണ് അക്കൗണ്ടിലേക്ക് മാറ്റിയത്. പ്രതികളുടെ പേരിലേക്ക് വരുന്ന പണത്തിന്റെ തോതനുസരിച്ചുള്ള കമ്മീഷനും ഇതിലൂടെ ലഭിക്കും.
അബ്ദുൾ സമദാനിയുടെ അക്കൗണ്ടിലെത്തിയ തുക ഇരിട്ടി സ്വദേശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.സംഘത്തിലെ പ്രധാന കണ്ണികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ ബിജു പ്രകാശ് പറഞ്ഞു. എഎസ്ഐമാരായ ജ്യോതി, മഹേഷ്, പ്രവീണ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.