വണ്ടൂരിൽ വികസന സദസ് നടത്തി
1598830
Saturday, October 11, 2025 5:09 AM IST
വണ്ടൂർ: അഞ്ചുവർഷത്തിനിടയിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 862 പേർ ഗുണഭോക്താക്കളുടെ കരാറിൽ ഏർപ്പെട്ടതായി വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ 555 പേർക്ക് വീടുകൾ പൂർത്തിയാക്കി തുക നൽകി. ഇതുവരെ 22.4 കോടി രൂപയാണ് പദ്ധതിയിൽ ചെലവഴിച്ചത്.
പഞ്ചായത്ത് പരിധിയിലെ 90 അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ ക്ഷേമപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതോടൊപ്പം 4562 പേരെ കണ്ടെത്തി ഡിജിറ്റൽ സാക്ഷരത നൽകി. കെ-സ്മാർട്ട് പദ്ധതിയിലൂടെ ലഭ്യമായ 47,293 അപേക്ഷകളിൽ 45,520 അപേക്ഷകൾ തീർപ്പാക്കി.
കാർഷിക മേഖലയിൽ 1.58 കോടി രൂപയും മൃഗസംരക്ഷണം 1.4 കോടി രൂപയും ക്ഷീരവികസനം 1.2 കോടി രൂപയും മത്സ്യബന്ധന മേഖലയിൽ 26.40 ലക്ഷവും ആരോഗ്യ മേഖലയിൽ 3.37 കോടി, വിദ്യാഭ്യാസ മേഖലയിൽ 2.51 കോടി, കുടിവെള്ളം 2.81 കോടി, മാലിന്യ സംസ്കരണം 4.47 കോടി, സാമൂഹ്യ ക്ഷേമം 4.21 കോടി, പോഷകാഹാര വിതരണം 4.32 കോടി, അങ്കണവാടി പ്രവർത്തനങ്ങൾക്ക് 2.66 കോടി രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. അഞ്ചുവർഷത്തിനിടയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 26.81 കോടി രൂപയും ചെലവഴിച്ചു.
വികസന സദസ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വി. ജ്യോതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ. തസ്നിയ ബാബു അധ്യക്ഷത വഹിച്ചു.അരിന്പ്ര മോഹനൻ, സി. സ്വാമിദാസൻ, സെക്രട്ടറി മമ്മദ് അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.യുഡിഎഫ് അംഗങ്ങൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു.