ഡോക്ടർക്കെതിരെയുള്ള അക്രമം അപലപനീയം: കെജിഎംഒഎ
1598235
Thursday, October 9, 2025 5:26 AM IST
മലപ്പുറം:താമരശേരി ഗവ. ആശുപത്രിയിലെ ഡോക്ടർ വിപിന് ജോലിക്കിടെ വെട്ടേറ്റ സംഭവത്തിൽ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഡോക്ടർമാർക്ക് മതിയായ സുരക്ഷ നൽകണമെന്നും കെജിഎംഒഎ ജില്ലാ ഭാരവാഹികളായ ഡോ. പി.എം. ജലാലും ഡോ. കെ.എം. ജാനിഫും ആവശ്യപ്പെട്ടു.
ജീവൻ രക്ഷിക്കുന്നവരെപ്പോലും ആക്രമിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ കഴിയില്ല. ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവിലിരിക്കെ ആശുപത്രികളിൽ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നു.
ആശുപത്രി പരിസരം സംരക്ഷിത മേഖലയായാക്കുക, പോലീസ് എയ്ഡ് പോസ്റ്റുകളും സുരക്ഷാ സംവിധാനങ്ങളും നടപ്പിൽ വരുത്തുക തുടങ്ങിയവയൊന്നും സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കപ്പെട്ടിട്ടില്ലെന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം സംഭവങ്ങൾ. അക്രമത്തിനിരയായ ഡോക്ടർക്കും കെജിഎംഎ കോഴിക്കോട് ജില്ലാ നേതൃത്വത്തിനും കെജിഎംഒഎ ജില്ലാ കമ്മിറ്റി പിന്തുണ നൽകി.