‘കാലിക്കട്ടിലെ ഫയലുകൾ പൂഴ്ത്തുന്നു’; പരീക്ഷാഭവനിലെ സെക്ഷനുകൾ ഇല്ലാതാക്കുന്നത് അഴിമതി മറച്ചുപിടിക്കാൻ
1597744
Tuesday, October 7, 2025 7:51 AM IST
തേഞ്ഞിപ്പലം:കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷാഭനിലെ സെക്ഷനുകൾ ഇല്ലാതാക്കുകയും പ്രധാനപ്പെട്ട ഫയലുകൾ മറ്റ് സെക്ഷനുകളിലേക്ക് മാറ്റുകയും ചെയ്യുന്നത് അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും മറച്ചുവയ്ക്കാനാണെന്ന് ആരോപണം.
സിൻഡിക്കറ്റിലോ മറ്റു ഉത്തരവാദിത്വപ്പെട്ട സമിതികളിലോ ചർച്ച ചെയ്യാതെയാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും പരീക്ഷാ കണ്ട്രോളറുടെയും പരീക്ഷ സ്റ്റാൻഡിംഗ് കമ്മിറ്റി കണ്വീനറുടെയും നേതൃത്വത്തിൽ നടക്കുന്ന ഏകപക്ഷീയമായ നടപടികൾ യൂണിവേഴ്സിറ്റി പരീക്ഷാ സംവിധാനത്തിന്റെ സുതാര്യത, വിശ്വാസ്യത എന്നിവയെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പ്രതിനിധിയായ സിൻഡിക്കറ്റ് അംഗം ഡോ.പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് പരാതി നൽകി.
പരീക്ഷാഭവനിൽ വർഷങ്ങളായി നടന്നുവരുന്ന അഴിമതികളും ക്രമക്കേടുകളും മറയ്ക്കുന്നതിനുള്ള ശ്രമമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം. ഭരണകക്ഷി നേതാക്കൾ ഉൾപ്പെട്ട പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിദ്യാർഥി നേതാവിന് അനധികൃതമായി മാർക്ക് നൽകിയ കേസിലെ ഫയലുകൾ ഇല്ലാതാക്കിയ പഴയ സംഭവവും ഇതിന് തെളിവാണ്. സെക്ഷനുകളിൽ അബോളിഷ് ചെയ്യുന്നതിന് പരീക്ഷാ കണ്ട്രോളറുടെ ഓഫീസാണ് ഉത്തരവുകൾ ഇറക്കുന്നത്.
പരീക്ഷാഭവന്റെ പ്രവർത്തനങ്ങൾ അധ്യാപകരെയും പ്രയാസത്തിലാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ അച്ചടിക്കുന്നത് മുതൽ മാർക്ക് എൻട്രി നടത്തുന്നതു വരെ അധ്യാപകരാണ്. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തിൽപ്പെടുന്ന ക്ലറിക്കൽ പിശകുകൾക്ക് പോലും അധ്യാപകർക്ക് വൻതുക പിഴയായി ചുമത്തുകയും ചെയ്യുന്നു. ഏകദേശം 20 കോടി രൂപ ചെലവഴിച്ച് വാങ്ങിയ എഎസ്ആർഎസ് മെഷീനുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിൽ എത്തിക്കേണ്ട ചുമതല പോസ്റ്റൽ വകുപ്പിന് കൈമാറിയതോടെ വൻ സാന്പത്തിക നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.
11 സെക്ഷനുകൾ പിരിച്ചുവിടാനുള്ള പരീക്ഷാ കണ്ട്രോളറുടെ തീരുമാനം പരീക്ഷാഭവനിലെ 11 സെക്ഷൻ ഓഫീസർമാർ, 33 അസിസ്റ്റന്റുമാർ അസിസ്റ്റന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ക്ലറിക്കൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകൾ ഇല്ലാതെയാക്കും. ഇത് ഭാവിയിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സിൻഡിക്കറ്റ് അംഗം പറയുന്നു.
പരീക്ഷാഭവനിലെ സെക്ഷനുകൾ ഇല്ലാതാക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യുന്ന നടപടി നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. സിൻഡിക്കറ്റിന്റെ സമഗ്ര അവലോകനത്തിനും അംഗീകാരത്തിനും ശേഷം മാത്രമേ ഇത് ആരംഭിക്കാൻ പാടുള്ളൂ. രേഖകൾ സ്ഥലം മാറ്റുന്നതും നശിപ്പിക്കുന്നതും വ്യക്തമായ രേഖപ്പെടുത്തൽ ഇല്ലാതെ നടത്താൻ പാടില്ല. പരീക്ഷാഭവൻ നവീകരിക്കുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിനും സമഗ്ര പദ്ധതി തയാറാക്കേണ്ടത് അത്യാവശ്യമാണെന്നും വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ഡോ. പി. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.