നിലന്പൂർ കെഎസ്ആർടിസി ഗാരേജ് വൃത്തിഹീനം; കണ്ണടച്ച് ഗതാഗത വകുപ്പ്
1598822
Saturday, October 11, 2025 5:09 AM IST
നിലന്പൂർ: നിലന്പൂർ കെഎസ്ആർടിസി ഗാരേജ് വൃത്തിഹീനമായ കിടക്കുന്നു. കണ്ണടച്ച് ഗതാഗത വകുപ്പ്. മൈക്കാനിക്കുകൾ ജോലി ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമായ ഗാരേജാണ് വൃത്തിഹീനമായി കിടക്കുന്നത്. സെപ്റ്റിക് ടാങ്കിൽനിന്ന് മലിന ജലം പുറത്തേക്ക് ഒഴുകുന്നു. ഇതിനാൽ വളരെ പ്രയാസം നേരിട്ടാണ് മെക്കാനിക്ക് വിഭാഗത്തിലെ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്.
ഈ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് യൂണിയനുകൾ ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല. സംസ്ഥാനത്തെ കെഎസ്ആർടിസി ഗാരേജുകളല്ലൊം മികച്ചതാണെന്ന് വകുപ്പ് മന്ത്രി പറയുന്പോഴാണ് മൂക്കുപൊത്തി മെക്കാനിക്കുകൾ നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ ജോലി ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്.
ഇവിടെ പകർച്ചവ്യാധികളുടെ കേന്ദ്രമായി മാറാവുന്ന അവസ്ഥയിലാണ്. ഗാരേജ് അറ്റകുറ്റപണി നടത്താൻ പണമില്ലെന്നാണ് പറയുന്നതെന്ന് പ്രതിപക്ഷ യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മറ്റ് പല പ്രവൃത്തികൾക്കും ടെൻഡർ നൽകിയിരുന്നെങ്കിലും കരാറുകാർക്ക് യഥാസമയം പണം ലഭിക്കാത്ത അവസ്ഥയിൽ ടെൻൻഡർ ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ല.
ഈ സാഹചര്യത്തിലാണ് നിലന്പൂർ കെഎസ്ആർടിസി ഗാരേജിന്റെ അറ്റകുറ്റപണി നീളുന്നത്. കേവലം 50,000 രൂപ മുടക്കിയാൽ തീർക്കാവുന്ന പ്രവൃത്തിയാണുള്ളത്. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാർക്ക് പുറമെ മറ്റ് വിഭാഗങ്ങളിലുള്ള ജീവനക്കാരും ഉണ്ടിവിടെ.
വകുപ്പ് മന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്റും മനസ് വച്ചാൽ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. അടിയന്തര പ്രാധാന്യത്തോടെ നിലന്പൂർ ഗാരേജിന്റെ അറ്റകുറ്റപണിക്ക് മന്ത്രിയും വകുപ്പും തയാറാകണമെന്നാണ് യൂണിയനുകളുടെ ആവശ്യം.