ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ വിതരണം ചെയ്തു
1598823
Saturday, October 11, 2025 5:09 AM IST
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി നൽകുന്ന സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. 10,9000 രൂപ ചെലവ് വരുന്ന സ്കൂട്ടർ ഇന്നലെ നടന്ന ചടങ്ങിൽ 19 പേർ ഏറ്റുവാങ്ങി.
പഞ്ചായത്ത്തല ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 80 ഭിന്ന ശേഷിക്കർക്കാണ് സ്കൂട്ടറുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം 43 വാഹനങ്ങൾ വിതരണം ചെയ്തിരുന്നു. അന്ന് രജിസ്ട്രേഷൻ പൂർത്തിയാകാത്ത 37 വാഹനങ്ങളിലെ രജിസ്ട്രേഷൻ പൂർത്തിയാക്കിയ 19 വാഹനങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്.
ഇതുവരെ 62 പേർക്ക് വിതരണം പൂർത്തിയായി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരം സമിതിയംഗങ്ങളായ സെറീന ഹബീബ്, പി.കെ.സി. അബ്ദുറഹിമാൻ, പി. ഷഹാർബാൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.