ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ആശുപത്രികളിൽ സംയുക്ത പ്രതിഷേധം
1598385
Friday, October 10, 2025 4:18 AM IST
പെരിന്തൽമണ്ണ: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോ. വിപിനിന് നേരേയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പെരിന്തൽമണ്ണ ശാഖയും, കെജിഎംഒഎയും ചേർന്ന് ഇന്ന് പെരിന്തൽമണ്ണ ഗവ. ആശുപത്രി പരിസരത്ത് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു.
ഐഎംഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായ ഈ യോഗം, ഡോക്ടർമാർക്കെതിരേയുള്ള വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരേ ശക്തമായ ആക്രോശം പ്രകടിപ്പിക്കുകയും, ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും പ്രത്യേക സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും, കോഡ് ഗ്രേ പ്രോട്ടോകോൾ അനുസരിച്ച് സുരക്ഷാ സംവിധാനം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, പെരിന്തൽമണ്ണയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഒ.പി, ഐപി, ഒടി പ്രവർത്തനങ്ങൾ രാവിലെ 11 മണിവരെ താൽക്കാലികമായി നിർത്തിവച്ചു. എമർജൻസി സേവനങ്ങൾ സാധാരണ നിലയിൽ തുടർന്നു. പ്രതിഷേധ യോഗത്തിൽ ഡോ. വി.യു. സീതി, ഡോ. എ.വി. ജയകൃഷ്ണൻ ഡോ. സാമുവൽ കോഷി, ഡോ. കെ.എ. സീതി, ഡോ. ഷാജി അബ്ദുൽ ഗഫൂർ ഉൾപ്പെടെയുള്ള മുതിർന്ന ഐഎംഎ – കെജിഎംഒഎ നേതാക്കൾ അഭിസംബോധന ചെയ്തു സംസാരിച്ചു യോഗത്തിൽ ഐഎംഎ പെരിന്തൽമണ്ണ ശാഖാ പ്രസിഡന്റ് ഡോ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
നിലമ്പൂർ: താമരശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാര്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ധർണ സമരം സംഘടിപ്പിച്ചു. ഡോക്ടര്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ടത് സമൂഹത്തിന്റെ കൂടി ബാധ്യതയാണ്.
സമൂഹം ഇത് മനസ്സിലാക്കണം. അല്ലാത്തപക്ഷം ഈ മേഖലയിലേക്ക് ആളുകള്‍ കടന്നുവരാന്‍ മടിക്കുന്ന സാഹചര്യമുണ്ടാവും. ജീവഭയമില്ലാതെ ജോലി ചെയ്യുവാനുളള സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സീനിയര്‍ ഐഎംഎ ലീഡര്‍ ഡോ. സി.എം. ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ സമദ് അധ്യക്ഷനായി. ഡോ. ജേക്കബ് ജോര്‍ജ്, ഡോ. ജലാലുദ്ദീന്‍, ഡോ. കെ.ടി. മനോജ്,
ഡോ. റഫീക്ക് അലി, ഡോ. സനല്‍, സിസ്റ്റര്‍ കൊച്ചുറാണി, പി.ജി. വിദ്യാർഥികളായ ശ്രീഹരി, ഹൗസ് സര്ജന് ഡോ. നവാസ് എന്നിവര്‍ പ്രസംഗിച്ചു. നിലമ്പൂര്‍ ഐഎംഎ, നിലമ്പൂര്‍ കെജിഎംഒഎ, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്, കേരളാ ഗവ. നേഴ്സസ് അസോസിയേഷന്, എന്‍ജിഒ യൂണിയന് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ധര്‍ണ.
മഞ്ചേരി: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരേയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെയും ജനറല്‍ ആശുപത്രിയിലേയും ഡോക്ടര്മാരൂം മെഡിക്കല്‍ വിദ്യാർഥികളും സംയുക്തമായി പ്രതിഷേധിച്ചു. കെജിഎംഒഎ, കെജിഎംസിടിഎ, ഐഎംഎ സംഘടനകളുടെയും വിദ്യാർഥി യൂണിയന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
താമരശേരി താലൂക്ക് ആശുപത്രിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവ് വടി വാളുമായി എത്തി ഡ്യൂട്ടിയില്‍ ഉള്ള ഡോക്ടറെ തലയ്ക്കു വെട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ജീവന് ഭീഷണിയായ രീതിയിലുള്ള ഈ സംഭവം ആരോഗ്യരംഗത്തെ മുഴുവന്‍ സമൂഹത്തെയും നടുക്കിയിരിക്കുകയാണ്. സംഭവത്തിനെതിരേ പ്രതിഷേധിച്ച കെജിഎംഒഎ ഡോക്ടര്‍മാര്‍ രോഗി പരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിലും നിന്നും പിന്മാറി പ്രതിഷേധം രേഖപ്പെടുത്തി. ആശുപത്രി പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തിന് കെജിഎംഒഎ താലൂക്ക് കണ്‍വീനര്‍ ഡോ. സെറീന അബിദ്, യൂണിറ്റ് കണ്‍വീനര്‍ ഡോ. ആര്.കെ. സുരജ് എന്നിവര്‍ നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് ഡോ. റെനി ഐസക്ക്,
സംസ്ഥാന കമ്മിറ്റിയംഗം ഡോ. പി അസ്ലം പി, സീനിയര്‍ മെമ്പര്‍ ഡോ. ഷാജു തോമസ്, ഡോ. സബിത റോസ് ആല്ബിന്, സരിഗ, ഷിറാസ് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യരംഗത്തുള്ളവര്‍ക്ക് സുരക്ഷിതമായ തൊഴില്‍പരിസരം ഒരുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനടപടികള്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.