മാനസികാരോഗ്യ ദിനത്തിൽ ബോധവത്കരണവുമായി ഫ്ളാഷ് മോബ്
1598827
Saturday, October 11, 2025 5:09 AM IST
മലപ്പുറം: ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും കലാപരിപാടിയും മലപ്പുറം കുന്നുമ്മലിൽ നടന്നു. ജില്ലാ കളക്ടറുടെ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച റാലിയോടെയാണ് ചടങ്ങിന് തുടക്കമായത്. ജില്ലാ മെന്റൽ ഹെൽത്ത് നേതൃത്വം നൽകിയ പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക ഉദ്ഘാടനം ചെയ്തു.
മാനസികാരോഗ്യരംഗം കഴിഞ്ഞ 20 വർഷം കൊണ്ട് ഏറെ പുരോഗതി നേടിയതായും കമ്യൂണിറ്റി ഹെൽത്ത് പ്രോഗാം, പാലിയേറ്റീവ് പരിചരണം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവ ഈ രംഗത്തെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്തെന്നും ഡിഎംഒ പറഞ്ഞു. മാനസികാരോഗ്യ പരിചരണവും സാമൂഹ്യ പങ്കാളിത്തവും വിഷയമാക്കിയ ലഘുലേഖയും അവർ പ്രകാശനം ചെയ്തു.
പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ ബോധവത്കരണത്തിന്റെ ഭാഗമായി ഫളാഷ് മോബും അവതരിപ്പിച്ചു. ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ ഡോ. മർവ കുഞ്ഞി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്,
എഡ്യുക്കേഷൻ, മീഡിയ ഓഫീസർ കെ.പി. സാദിക്കലി, പ്രിയദർശിനി കോളജ് പ്രഫ. കെ.കെ. നസ്റിൻ, അസിസ്റ്റന്റ് പ്രഫ. എൻ.കെ. ഫാരിസ, വി.ടി. ലുബ്ന, എ.ടി. ജ്യോതി എന്നിവരും പ്രസംഗിച്ചു.