മലപ്പുറം ജില്ലാ സ്കൂൾ കായികമേള പാലക്കാട്ട്
1598231
Thursday, October 9, 2025 5:26 AM IST
മലപ്പുറം: ജില്ലാ സ്കൂൾ കായികമേള പാലക്കാട് ജില്ലയിലെ ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്കിൽ തന്നെ നടക്കും.
ജില്ലയ്ക്ക് പുറത്ത് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഇന്നലെ ഡിഡിഇ പി.വി. റഫീഖിന്റെ അധ്യക്ഷതയിൽ മലപ്പുറം കോട്ടപ്പടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം ചാത്തന്നൂരിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. മത്സര നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
കലിക്കട്ട് സർവകലാശാലയിലെ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് കിടക്കുന്നതിനാലാണ് മേള ചാത്തന്നൂരിൽ നടത്താൻ തീരുമാനിച്ചതെന്ന് ഡിഡിഇ പി.വി. റഫീഖ് പറഞ്ഞു. ട്രാക്ക് പൊളിഞ്ഞതിനാൽ കുട്ടികൾക്ക് പരിക്കേൽക്കാൻ സാധ്യതയേറെയാണ്.
നിലന്പൂർ മാനവേദൻ സ്കൂൾ മൈതാനം പരിശോധിച്ചെങ്കിലും ഇവിടെ ആറുവരി ട്രാക്ക് മാത്രമാണുള്ളത്. അതിൽ തന്നെ ആറാമത്തെ ട്രാക്കിന് കേടുപാടുണ്ട്. ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത സിന്തറ്റിക് ട്രാക്കായ പാലക്കാട് ജില്ലയിലെ ചാത്തന്നൂരിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും ഡിഡിഇ പറഞ്ഞു.