യുവജന കമ്മീഷൻ അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി
1598388
Friday, October 10, 2025 4:18 AM IST
മലപ്പുറം: സംസ്ഥാന യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി. ഡിടിപിസി ഹാളിൽ നടന്ന അദാലത്തിൽ 30 പരാതികളാണ് പരിഗണിച്ചത്. 12 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കാനായി മാറ്റിവച്ചു. പുതിയതായി നാല് പരാതികൾ ലഭിച്ചു. എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല പിഎച്ച്ഡി പ്രവേശനം ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കുന്നുവെന്ന വിദ്യാർഥിയുടെ പരാതിയിൽ സർവകലാശാല രജിസ്ട്രാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹബാധിതനായി ചികിത്സക്കെത്തിയ മലപ്പുറം നെല്ലിക്കുത്ത് സ്വദേശിയുടെ കാൽപാദം മുറിച്ചുമാറ്റി എന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് യുവജന കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യതാ മാറ്റം, വിദ്യാഭ്യാസ വായ്പ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്, കോട്ടക്കൽ ബഡ്സ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിനിയെ പുറത്താക്കിയത്, എച്ച്എസ്എസ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികയിലെ നിയമനം തുടങ്ങിയ പരാതികൾ അദാലത്തിൽ പരിഗണനയ്ക്ക് വന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വിദേശ തൊഴിൽ തട്ടിപ്പ് തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നന്പറിൽ വിളിക്കാമെന്നും കമ്മീഷൻ അംഗം പി. ഷബീർ പറഞ്ഞു.
കമ്മീഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. കമ്മീഷൻ അംഗങ്ങളായ അഡ്വ. അബേഷ് അലോഷ്യസ്, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, സംസ്ഥാന കോഓർഡിനേറ്റർ അഡ്വ. എം. രണ്‍ദീഷ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ അദാലത്തിൽ പങ്കെടുത്തു.