മഞ്ചേരിയിൽ മുന്നറിയിപ്പില്ലാതെ മാവേലി സ്റ്റോർ അടച്ചുപൂട്ടി; വ്യാപക പ്രതിഷേധം
1597972
Wednesday, October 8, 2025 5:42 AM IST
മഞ്ചേരി: സാധാരണക്കാർക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കളും മറ്റും നൽകി വന്നിരുന്ന മാവേലി സ്റ്റോർ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. മഞ്ചേരി ചന്തക്കുന്നിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മാവേലി സ്റ്റോറാണ് പ്രവർത്തനം നിർത്തിവച്ചത്. കേന്ദ്രം അടച്ചുപൂട്ടിയ വിവരമറിയാതെ നിരവധി പേരാണ് ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്.
കെട്ടിട പ്രവൃത്തി നടക്കുന്നതിനാൽ മാവേലി സ്റ്റോർ നിലന്പൂർ റോഡിലെ സപ്ലൈകോ സൂപ്പർമാർക്കറ്റുമായി ലിങ്ക് ചെയ്ത് പ്രവർത്തിക്കുന്നുവെന്ന പോസ്റ്റർ പതിച്ചിട്ടുണ്ട്. മഞ്ചേരി ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. വാടക സംബന്ധിച്ച തർക്കം മൂലം സ്ഥാപനത്തെ ഉടമകൾ ഒഴിപ്പിച്ചതാണെന്നാണറിവ്. നഗരസഭയാണ് പുതിയ കെട്ടിട സൗകര്യം ഒരുക്കി നൽകേണ്ടത്.
ഈ സാഹചര്യത്തിൽ മുനിസിപ്പൽ ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിൽ മാവേലി സ്റ്റോർ പ്രവർത്തിക്കാനാവശ്യമായ സ്ഥലസൗകര്യം ഒരുക്കി നൽകണമെന്ന് കേരള കോണ്ഗ്രസ്-ജേക്കബ് മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അക്ബർ മിനായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസുദ്ദീൻ തടപ്പറന്പ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് അലി മുക്കം, ജനറൽ സെക്രട്ടറി സുനിൽ ജേക്കബ്, ബിനോയ് പയ്യനാട്, റിയാസ് പാലായി, കെടിയുസി മണ്ഡലം പ്രസിഡന്റ് നാസർ പുല്ലാര, മുനിസിപ്പൽ പ്രസിഡന്റ് സുരേഷ് മാടങ്ങോട്, ഫസൽ മുടിക്കോട്, മുനീർ ആലുക്കൽ എന്നിവർ സംസാരിച്ചു. മാവേലി സ്റ്റോർ മുന്നറിയിപ്പില്ലാതെ പൂട്ടിയതിനെതിരേ ഗിന്നസ് ജേതാവ് തൃശൂർ നസീറും പ്രതിഷേധവുമായി രംഗത്തെത്തി.