എടക്കര പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; കളക്ടർ സ്ഥലം സന്ദർശിച്ചു
1597974
Wednesday, October 8, 2025 5:42 AM IST
എടക്കര: എടക്കര പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തികൾ വിട്ടുനൽകിയ ഭൂമി കളക്ടർ സന്ദർശിച്ചു. കെട്ടിടം നിർമിക്കുന്നതിന് ഭൂമി സംബന്ധമായി നിലനിൽക്കുന്ന തടസങ്ങൾ നീക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതും ചോർന്നൊലിക്കുന്നതുമായ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയാൻ വർഷങ്ങൾക്ക് മുന്പാണ് മൂന്ന് സ്വകാര്യവ്യക്തികൾ ചേർന്ന് 50 സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകിയത്.
ഈ ഭൂമിയിൽ കെട്ടിടത്തിന് ആഭ്യന്തര വകുപ്പ് ഫണ്ടും അനുവദിച്ചിരുന്നു. എന്നാൽ വിട്ടുകിട്ടിയ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന കൃഷിവകുപ്പിന്റെ ന്യായവാദം കെട്ടിടം നിർമിക്കുന്നതിന് തടസമായി. ഇതേത്തുടർന്ന് എടക്കര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞില്ല. ഇതിനിടെ ഭൂമി വിട്ടുനൽകിയ വ്യക്തികൾ പോലീസ് സ്റ്റേഷൻ നിർമിക്കുന്നില്ലെങ്കിൽ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.
ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. എടക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ കമാലുദീൻ വള്ളിക്കാടൻ, എസ്ഐ ജയകൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ സന്തോഷ് അല്ലിപ്ര, സ്പെഷൽ വില്ലേജ് ഓഫീസർ സുനിൽ എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.