കാദറലി സെവൻസിന് നെഹ്റു സ്റ്റേഡിയം അനുവദിച്ചില്ല : ചെയർമാന്റേത് ഏകപക്ഷീയമായ നടപടിയെന്ന്
1598828
Saturday, October 11, 2025 5:09 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കാദറലി സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഡിസംബർ 20ന് ആരംഭിക്കേണ്ട കാദറലി സെവൻസ് ഫുട്ബോളിന് നഗരത്തിലെ നെഹ്റു സ്റ്റേഡിയം അനുവദിക്കാത്ത നഗരസഭ ചെയർമാന്റെ നടപടി ഏകപക്ഷീയമാണെന്ന് കാദറലി സ്പോർട്സ് ക്ലബ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയാക്കി സംഘാടക സമിതി രൂപീകരിച്ച് 20 ടീമുകളെ പങ്കെടുപ്പിച്ചുള്ള ഫിക്സ്ചർ തയാറാക്കിയിരുന്നു.
അപ്പോഴാണ് പെരിന്തൽമണ്ണയിലെ മറ്റൊരു ക്ലബിന്റെ അപേക്ഷയിൽ നെഹ്റു സ്റ്റേഡിയം അവർക്ക് അനുവദിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചത്. 53-ാമത് കാദറലി സെവൻസ് സംഘടിപ്പിക്കുവാൻ നെഹ്റു സ്റ്റേഡിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ രണ്ടുമാസങ്ങൾക്ക് മുന്പേ നഗരസഭ ഓഫീസിൽ ക്ലബ് അധികൃതർ നൽകിയിരുന്നു. ഇതിനിടയിലാണ് പുതിയൊരു വാദവുമായി പെരിന്തൽമണ്ണയിലെ പ്രീമിയർ ക്ലബ് രംഗത്ത് വന്നത്.
തുടർന്ന് ആ ക്ലബിന്റെ അപേക്ഷ പരിഗണിച്ച് ഇന്നലെ നഗരസഭ ചെയർമാൻ പ്രീമിയർ ക്ലബിന് നെഹ്റു സ്റ്റേഡിയം അനുവദിക്കുകയായിരുന്നു. നെഹ്റു സ്റ്റേഡിയം അനുവദിക്കാത്തതിൽ കാദറലി സ്പോർട്സ് ക്ലബ് പ്രതിഷേധിച്ചു. അതേസമയം നേരത്തെ ടൂർണമെന്റ് പ്രഖ്യാപിച്ച ഡിസംബർ 20 മുതൽ തന്നെ പെരിന്തൽമണ്ണയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുവാൻ ക്ലബ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
പ്രതിഷേധ യോഗത്തിൽ മണ്ണിൽ ഹസൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ, മണ്ണേങ്ങൽ അസീസ്, കുറ്റീരി മാനുപ്പ, യൂസഫ് രാമപുരം, പച്ചീരി സുബൈർ, ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, എച്ച്. മുഹമ്മദ് ഖാൻ എന്നിവർ പ്രസംഗിച്ചു.