ജീവനക്കാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ബസുടമകള്‍
1598393
Friday, October 10, 2025 4:18 AM IST
മഞ്ചേരി : കോട്ടയം പാലായില്‍ സ്വകാര്യ ബസ് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സാമൂഹിക വിരുദ്ധര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നനും പ്രസിഡന്റ് കെ.കെ. തോമസും ആവശ്യപ്പെട്ടു.
ബസില്‍ സൗജന്യയാത്ര ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കൈവശം വെക്കേണ്ട കണ്സെഷന് കാര്‍ഡ് ചോദിച്ചതിനാണ് സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആക്രമിച്ചത്.
ജീവന് പണയം വച്ച് ജോലി ചെയ്യുന്ന ബസ് ജീവനക്കാരെ വാഹനം തടഞ്ഞ് നിര്‍ത്തി മര്ദിക്കുന്നതിനെതിരായി പോലിസിന്റെ ഭാഗത്ത് നിന്ന് യഥാസമയം നിയമ നടപടികള്‍ ഉണ്ടാവാത്തതിനാലാണ് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ ബസുകളിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതിന് അധികൃതര്‍ തയ്യാറായില്ലെങ്കില്‍ പൊതുഗതാഗത മേഖലയില്‍ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും ഇത് നിരവധി പേരുടെ ഉപജീവന മാര്‍ഗത്തിന് തടസ്സമാകുമെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടി.