മഞ്ചേരിയിൽ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം
1598824
Saturday, October 11, 2025 5:09 AM IST
മഞ്ചേരി: മഞ്ചേരി കിഴക്കെതലയിൽ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കൊരന്പയിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഷുഗർ ഫിൽസ് എന്ന കടയ്ക്കാണ് തീപിടിച്ചത്. എടവണ്ണ ചെറുപള്ളിക്കൽ മുഹമ്മദ് യാഷിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
കേക്ക് നിർമാണ സാമഗ്രികളും ഉത്പന്നങ്ങളും വിൽക്കുന്ന സ്ഥാപനത്തിലെ ഫർണിച്ചർ അടക്കമുള്ളവ അഗ്നിക്കിരയായി. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ ഏഴിന് പുക ഉയരുന്നതുകണ്ട നാട്ടുകാർ സിവിൽ ഡിഫൻസ് വോളണ്ടിയർ അഷ്റഫ് മുഖേന അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ മഞ്ചേരി അഗ്നിരക്ഷാനിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ രണ്ടുയൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. മലപ്പുറത്ത് നിന്ന് ഒരു അഗ്നിരക്ഷാ യൂണിറ്റ് പുറപ്പെട്ടുവെങ്കിലും തീ നിയന്ത്രണ വിധേയമായതിനെ തുടർന്ന് തിരിച്ചയക്കുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം.വി. അനൂപ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസമാരായ കെ. രമേശ്, എം. അനൂപ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസ് ഡ്രൈവർമാരായ ശ്രീലേഷ് കുമാർ, സജീഷ്, ഹോം ഗൗർഡുമാരായ ജോജി ജേക്കബ്, സി. മുകുന്ദൻ, അബ്ദുൾ സത്താർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.