തൊഴിലുറപ്പ് പദ്ധതിയിൽ ഹാജർ ആധാർ അധിഷ്ഠിതമാക്കും
1597970
Wednesday, October 8, 2025 5:42 AM IST
എടക്കര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ഉപയോഗിച്ചുവരുന്ന തൊഴിൽ കാർഡുകൾ ഇ-കെവൈസി സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം തൊഴിലുറപ്പ് പദ്ധതി ജില്ല പ്രോഗ്രാം കോ ഓർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. നിലന്പൂർ ബ്ലോക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് മുതുകുളത്തെ മേറ്റായ കെ.ആർ. രജിതയുടെ ഇ-കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
നിലവിൽ തൊഴിലുറപ്പ് പദ്ധതിയിലെ മുഴുവൻ അവിദഗ്ധ വേതന വിതരണവും ആധാർ അധിഷ്ഠിതമായാണ് നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 30നകം രാജ്യമാകെ തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതും ആധാർ അധിഷ്ഠിതമായി മാറും.
ജില്ലയിൽ 1,69,549 തൊഴിലാളികളുടെ ഇ-കെവൈസി പൂർത്തീകരിക്കേണ്ടതുണ്ട്. പദ്ധതി നടത്തിപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനുള്ള ഇ-കെവൈസി രജിസ്ട്രേഷൻ നടപടികൾ കൃത്യമായി പാലിച്ചു മുന്നോട്ട് പോകുന്നതിന് എല്ലാവരുടെയും സഹകരണം കളക്ടർ അഭ്യർഥിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മലപ്പുറം ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രീതി മേനോൻ, നിലന്പൂർ ബ്ലോക്ക് ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എസ്. സതീഷ് , ബ്ലോക്ക് എൻജിനിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.