മഞ്ചേരി -നിലന്പൂർ റോഡ് : ടാറിംഗ് പ്രവൃത്തിക്ക് മുന്‍പ് പൈപ്പുകൾ സ്ഥാപിക്കും
1598229
Thursday, October 9, 2025 5:26 AM IST
മഞ്ചേരി: നിലന്പൂർ റോഡിലെ ടാറിംഗ് പ്രവൃത്തിക്ക് മുന്‍പായി അടിയന്തരമായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ തീരുമാനം. അഡ്വ.യു.എ. ലത്തീഫ് എംഎൽഎയുടെ നിർദേശ പ്രകാരം ഇന്നലെ രാവിലെ ചെയർപേഴ്സണ്‍ വി.എം. സുബൈദയുടെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മുബാറക് റോഡ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെ റോഡിന്റെ ഒരു ഭാഗത്ത് 160 എംഎം പൈപ്പ് ലൈൻ സ്ഥാപിക്കും. കൂടാതെ അടിയന്തരമായി ഇന്റർ കണക്ഷനുകൾ നൽകാനും തീരുമാനിച്ചു. സൈതാലിക്കുട്ടി ബൈപ്പാസിൽ റോഡിന്റെ സെൻട്രൽ ഭാഗത്ത് നിന്ന് മാറ്റി സ്ഥാപിക്കേണ്ട 100 മീറ്റർ പൈപ്പ് ലൈൻ മാറ്റാനും ബാക്കി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള കൗണ്‍സിൽ തീരുമാനം വാട്ടർ അഥോറിറ്റിയെ അറിയിക്കാനും യോഗത്തിൽ ധാരണയായി.
സെൻട്രൽ ജംഗ്ഷൻ മുതൽ നെല്ലിപ്പറന്പ് റോഡ് ബിഎം ആൻഡ് ബിസി ചെയ്യുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രവൃത്തിക്ക് ടെൻഡറാവുകയും ചെയ്തു. എന്നാൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയാകാതെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചാൽ വീണ്ടും റോഡ് പൊളിക്കേണ്ടി വരും.
ഇതോടെയാണ് അടിയന്തരമായി യോഗം ചേർന്നത്. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, സി. സക്കീന, എൻ.എം. എൽസി, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.