അവകാശ സംരക്ഷണ യാത്ര: സംഘാടക സമിതിയായി
1598829
Saturday, October 11, 2025 5:09 AM IST
പെരിന്തൽമണ്ണ: കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് 13 മുതൽ 24 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന അവകാശ സംരക്ഷണയാത്രക്ക് മലപ്പുറം ജില്ലയിലെ സ്വീകരണ സ്ഥലമായ പെരിന്തൽമണ്ണയിൽ സ്വീകരണം നൽകാൻ ഫൊറോന സമിതി തീരുമാനിച്ചു.
ഫൊറോന വികാരി ഫാ. ജിൽസ് കാരിക്കുന്നേൽ രക്ഷാധികാരിയായി ഫൊറോന പ്രസിഡന്റ് വർഗീസ് കണ്ണാത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. അവകാശ സംരക്ഷണയാത്ര 13 ന് കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ നിന്നാരംഭിക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഫ്ളാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരത്ത് 24 ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന വൻ പ്രകടനത്തോടെ യാത്ര സമാപിക്കും. 16 നാണ് യാത്രയ്ക്ക് പെരിന്തൽമണ്ണ നഗരത്തിൽ സ്വീകരണം. സംഘാടക സമിതി യോഗം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് വർഗീസ് കണ്ണാത്ത്, മേഖല സെക്രട്ടറി ഷാജു നെല്ലിശേരി, ട്രഷറർ ജെയിംസ് തെക്കേക്കുറ്റ്, രൂപത വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേൽ, രൂപത എക്സിക്യുട്ടീവ് അംഗം ബോബൻ കൊക്കപ്പുഴ, മാത്യു പൈനാപ്പിള്ളി, ബിനോയ് മേട്ടയിൽ എന്നിവർ പ്രസംഗിച്ചു.