എടക്കര പോലീസ് സ്റ്റേഷനുള്ള ഭൂമിയുടെ തരംമാറ്റം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ തീരുമാനം
1598387
Friday, October 10, 2025 4:18 AM IST
എടക്കര: അഞ്ച് വര്‍ഷം നീണ്ട സാങ്കേതിക കുരുക്കഴിച്ച് എടക്കര പോലീസ് സ്റ്റേഷനായുള്ള ഭൂമിയുടെ തരംമാറ്റം ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ, കൃഷി മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ തീരുമാനം.
സെക്രട്ടറിയേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ മന്ത്രി കെ. രാജന്, കൃഷി മന്ത്രി പി. പ്രസാദ് എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള നടപടിയായത്.
1964 മുതല്‍ എടക്കര പോലീസ് സ്റ്റേഷന് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് മൂന്ന് വ്യക്തികള്‍ ടൗണിനോട് ചേര്‍ന്ന് 40 സെന്റ് സ്ഥലം പോലീസ് സ്റ്റേഷന് നിര്‍മിക്കാന്‍ സൗജന്യമായി നല്കി. സ്ഥലത്തേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് റോഡ് പണി നടത്തിയെങ്കിലും മഴക്കാലത്ത് പ്രളയ സാധ്യതയുള്ള സ്ഥലമായതിനാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തല സമിതി കെട്ടിട നിര്‍മാണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത് വില്ലേജ്, കൃഷി ഓഫീസര്‍മാരുടെ അനുകൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും അനുമതി നിഷേധിച്ചതും ഇതേ സര്‍വേ നമ്പറില്‍ ബഹുനില കെട്ടിടങ്ങളടക്കം പണിതതും ചൂണ്ടിക്കാട്ടി കെട്ടിട നിര്‍മാണത്തിന് പ്രത്യേക അനുമതി തേടി ആര്യാടന് ഷൗക്കത്ത് എംഎല്‍എ റവന്യൂ മന്ത്രി കെ. രാജനെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ, കൃഷി മന്ത്രിമാരുടെ സംയുക്ത യോഗം ചേര്‍ന്നത്. പൊതു ആവശ്യത്തിന് സൗജന്യമായി ലഭിച്ച ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്പ്പെടാത്തതായതിനാല് ഫോം ആറിലാണ് അപേക്ഷ നല്‍കേണ്ടിയിരുന്നതെന്നും ഇപ്പോള്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍ ശരിയല്ലെന്നും റവന്യൂ മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഉടനടി സ്ഥലപരിശോധന നടത്തി ഫീസീടാക്കാതെ ഒരാഴ്ചക്കകം തരംമാറ്റി കെട്ടിട നിര്‍മാണാനുമതി നല്‍കാനും മന്ത്രിമാര്‍ നിര്‍ദേശം നല്കി. യോഗത്തില്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ, കൃഷി വകുപ്പ് സെക്രട്ടറി ശ്രീരാം വെങ്കിട്ടരാമന്, ലാന്‍ഡ് റവന്യൂ കമീഷണര്‍ ജീവന്‍ബാബു, മലപ്പുറം കലക്ടര്‍ വി.ആര്. വിനോദ്, തിരുവനന്തപുരം കലക്ടര്‍ അനുകുമാരി, മലപ്പുറം എസ്.പി.ആര്. വിശ്വനാഥ്, മലപ്പുറം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.