മാട്ടറക്കൽ യുവജന സംഘത്തെ ആദരിച്ചു
1597973
Wednesday, October 8, 2025 5:42 AM IST
താഴെക്കോട്: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിച്ച് നാടുമുഴുവൻ മുന്നേറുന്പോൾ മാതൃകയാവുകയാണ് താഴെക്കോട് ഗ്രാമപഞ്ചായത്തിലെ അരക്കുപറന്പ് മാട്ടറക്കൽ യുവജനസംഘം. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ ഒന്നിന് 1500 പേർ പങ്കെടുത്ത ഓണക്കളികളും ജനകീയ ഓണസദ്യയും പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് വായനശാല സംഘടിപ്പിച്ചത്.
മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വായനശാല പ്രതിനിധികളെ ജില്ലാ ശുചിത്വ മിഷന്റെ പേരിൽ കളക്ടർ വി.ആർ. വിനോദ് അനുമോദന പത്രം നൽകി ആദരിച്ചു. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമായി കണ്ട് ആഘോഷവേളകളിൽ എല്ലാവരും സന്പൂർണ ഹരിതചട്ടം പാലിക്കണമെന്ന് കളക്ടർ പറഞ്ഞു. പരിപാടിയിൽ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര വിശിഷ്ടാതിഥിയായിരുന്നു.
മണ്ണിനും മനുഷ്യനും ദോഷകരമായ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾക്കെതിരേ ബദൽ ഉത്പന്നങ്ങളുടെ പ്രോത്സാഹനം അനിവാര്യമാണെന്നും കൃത്യമായ ശാസ്ത്രീയ മാലിന്യ സംസ്കരണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ജില്ലയിലെ കൂടുതൽ യുവജന സന്നദ്ധ സംഘടനകൾ മാലിന്യ സംസ്കരണത്തിൽ മുന്നോട്ടുവരണമെന്നും ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എ. ആതിര പറഞ്ഞു.
വായനശാല പ്രസിഡന്റ് എം.പി. രാജൻ, ജോയിന്റ് സെക്രട്ടറി പി.പി. സുകന്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രൻ അക്കര, പി. ദാസൻ, സിജു പടിയറ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അമൽ പ്രസാദ്, പ്രോഗ്രാം ഓഫീസർ കെ.സി. സിറാജുദ്ദീൻ, ടെക്നിക്കൽ കണ്‍സൾട്ടന്റ് കെ. വിനീത് തുടങ്ങിയവർ പങ്കെടുത്തു.