തിരുവാലി സ്കൂൾ ഓവറോൾ ചാന്പ്യൻമാർ
1598233
Thursday, October 9, 2025 5:26 AM IST
വണ്ടൂർ: മൂന്നു ദിവസങ്ങളിലായി തിരുവാലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വണ്ടൂർ ഉപജില്ല കായികമേളയിൽ 259 പോയിന്‍േറാടെ തിരുവാലി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി. 216 പോയിന്‍േറാടെ സിഎച്ച്എസ്എസ് അടക്കാക്കുണ്ടാണ് രണ്ടാം സ്ഥാനത്ത്.ഓവറോൾ ട്രോഫി തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി വിതരണം ചെയ്തു.
എഎച്ച്എസ്എസ് പാറൽ മന്പാട്ടുമൂല, വിഎംസി വണ്ടൂർ, വണ്ടൂർ ഗേൾസ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളാണ് തൊട്ടുപിറകിൽ. വൈസ് പ്രസിഡന്റ് മന്നിയിൽ സജിന അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. അഖിലേഷ്,
വാർഡ് മെംബർ കെ. ഷാനി, സുമ താരിയൻ, കെ.കെ. കൃഷ്ണദാസ്, എം.ഒ.കെ. പ്രേമാനന്ദ്, എച്ച്എം ഫോറം കണ്‍വീനർ സി.കെ. ജയരാജ്, പ്രോഗ്രാം കണ്‍വീനർ ഇ. ബിനീഷ്, ഷൈജി ടി. മാത്യു, പ്രിൻസിപ്പൽ എസ്. ജയചന്ദ്രൻ, എച്ച്എം എം.കെ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
കായികമേളക്കിടെ ട്രാക്കിൽ പ്രതിഷേധം
വണ്ടൂർ: ഉപജില്ല കായികമേളക്കിടെ മൈതാനത്ത് കായികാധ്യാപകരുടെ പ്രതിഷേധം. കായികമേള നടക്കുന്ന തിരുവാലി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് ഉപജില്ല കായികാധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ട്രാക്കിൽ പ്രകടനം നടത്തിയത്. സമാപന ദിവസം റിലേ മത്സരങ്ങൾക്ക് തൊട്ടുമുന്‍പേയാണ് പ്രതിഷേധം നടത്തിയത്.
തൊഴിൽപരമായ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ചുവർഷങ്ങളായി കായികാധ്യാപകർ നിസഹകരണത്തിലാണ്. എന്നാൽ ഇത്തവണ കായികാധ്യാപകർ ഇല്ലാതെയാണ് മത്സരങ്ങൾ നടത്തിയത്.
സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരുപോലെ ബാധകമാക്കി മുഴുവൻ കായിക അധ്യാപകരെയും ഉൾപ്പെടുത്തി സംരക്ഷണ ഉത്തരവ് എക്കാലത്തേക്കുമായി സ്ഥാപിക്കുക, യുപി - ഹയർ സെക്കൻഡറി തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കുക, ഹയർ സെക്കൻഡറി സ്കൂൾ തസ്തിക അനുവദിച്ച് പ്രമോഷനും നിയമനവും സാധ്യമാക്കുക, ആരോഗ്യകായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കി മുഴുവൻ വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിച്ച് കുട്ടികളുടെ പഠനാവകാശം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ നിസഹകരണം തുടരുന്നത്.
കറുത്ത വേഷത്തിലെത്തിയായിരുന്നു പ്രതിഷേധം. ഉപജില്ലാ കായിക അധ്യാപക കൂട്ടായ്മ ചെയർമാൻ ഇ.പി. ആഷിക്, ഡി.ടി. മുജീബ്, ഇ. അഖിലേഷ്, വി.പി. ദേവദാസ്, ടി.പി. നസറുള്ള, ഇ. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
സെന്റ് മേരീസ് സ്കൂൾ കുതിപ്പ് തുടരുന്നു
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കായികമേളയിലെ രണ്ടാം ദിവസം 43 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 11 സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവും നേടി 107 പോയിന്‍േറാടെ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കുതിപ്പു തുടരുന്നു.
നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും നേടി 60 പോയിന്റുമായി തിരൂർക്കാട് എഎം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും മൂന്ന് സ്വർണവും ഏഴ്വെള്ളിയും നാല് വെങ്കലവുമായി 52 പോയിന്‍േറാടെ മങ്കട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാമതുമെത്തി. മങ്കട പള്ളിപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന കായികോത്സവം നാളെ സമാപിക്കും.