വ്യാജ പ്രചാരണം: മന്ത്രിക്ക് പരാതി നൽകുമെന്ന് എഫ്ബികെ
1597980
Wednesday, October 8, 2025 5:47 AM IST
മഞ്ചേരി: സർക്കാർ നിബന്ധനകളും ചട്ടങ്ങളും പാലിച്ച് നിയമപരമായി പ്രവർത്തിക്കുന്ന ബ്യൂട്ടീഷൻമാർക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫ്രീലാൻസ് ബ്യൂട്ടീഷ്യൻമാർക്കെതിരേ തൊഴിൽ മന്ത്രിക്ക് പരാതി നൽകുമെന്ന് ഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷ്യൻസ് (എഫ്ബികെ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് കാലത്താണ് ഫ്രീലാൻസ് ബ്യൂട്ടീഷ്യൻമാർ വ്യാപകമാകുന്നത്. ബ്യൂട്ടി പാർലറുകളിൽ നിന്ന് ഫേഷ്യലിംഗ് അടക്കമുള്ളവ ചെയ്യുന്നത് ത്വക്കിന് കേടുപാടുകൾ സംഭവിക്കുമെന്നുള്ള വ്യാജ പ്രചാരണമാണ് ഇവർ നടത്തുന്നത്. സ്വന്തമായി സ്ഥാപനമോ ലൈസൻസോ മറ്റു അംഗീകൃത സർട്ടിഫിക്കറ്റുകളോ ഇല്ലാതെ വൻ തുക ഈടാക്കിയാണ് ഇവർ മേക്കപ്പ് ജോലികൾ ചെയ്യുന്നത്.
വർഷങ്ങളോളമുള്ള കോഴ്സുകൾ പൂർത്തിയാക്കിയും പരിചയ സന്പത്തുമുള്ള അംഗീകൃത ബ്യൂട്ടീഷ്യൻമാരുടെ ഉപജീവന മാർഗത്തെയാണ് സ്വന്തമായ സ്ഥാപനമോ വിലാസമോ ഇല്ലാത്ത ഫ്രീലാൻസർമാർ തകർക്കാൻ ശ്രമിക്കുന്നതെന്ന് എഫ്ബികെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ലൈല റഹീം,
സെക്രട്ടറി ജസീന പാണ്ടികശാല, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ബാവ പട്ടാന്പി, ജില്ലാ സെക്രട്ടറി ലിസി സിസബെല്ല, ട്രഷറർ ജീജ അമാറ, വൈസ് പ്രസിഡന്റുമാരായ അനു മലീഖ, രാധാ ഹരിദാസ്, ജോയിന്റ് സെക്രട്ടറിമാരായ കവിത ലാവണ്യ, ചിത്ര പ്രറ്റിക്യൂൻ എന്നിവർ പങ്കെടുത്തു.