മലയോര ഹൈവേ; കക്കാടംപൊയിൽ - നായാടംപൊയിൽ ഭാഗത്ത് വീതി 12 മീറ്ററാക്കും
1597742
Tuesday, October 7, 2025 7:51 AM IST
നിലന്പൂർ:കക്കാടംപൊയിൽ ടൂറിസം മേഖലയുടെ കുതിപ്പിന് ഇനി വേഗതയേറും. നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേ നിർമാണ നടപടികൾ ആരംഭിച്ചു. നിർമാണത്തിന് മുന്നോടിയായുള്ള സർവേ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മൈലാടിപാലം മുതൽ നായാടംപൊയിൽ വരെയുള്ള 21 കിലോമീറ്റർ ദൂരവും 12 മീറ്റർ വീതിയിലായിരിക്കും നിർമിക്കുക. മലയോര ഹൈവേയാകണമെങ്കിൽ 12 മീറ്റർ വീതി നിർബന്ധമാണ്. ഒന്പത് മീറ്റർ വീതിയിൽ ടാറിംഗും രണ്ട് ഭാഗങ്ങളിലും ഒന്നര മീറ്റർ വീതം നടപ്പാതയും വേണം. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടർന്ന്
കക്കാടംപൊയിൽ മുതൽ വാളംതോട് വരെയുള്ള ഭാഗം 10 മീറ്റർ വീതിയിൽ നിന്ന് 12 മീറ്ററാക്കാൻ ധാരണയായത്. കക്കാടംപൊയിൽ മുതൽ നായാടംപൊയിൽ വരെ 10 മീറ്റർ വീതിയിൽ നിർമിക്കാനായിരുന്നു നിലവിലെ വ്യവസ്ഥ. ഇതുപ്രകാരമാണ് ഫണ്ട് വകയിരുത്തിയിരുന്നതും. എന്നാൽ 10 മീറ്ററിൽ മലയോര ഹൈവേ നിർമിക്കുന്നതിലെ അപാകത ചാലിയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം അനീഷ് അഗസ്റ്റ്യൻ ഉൾപ്പെടെയുള്ളവർ ചൂണ്ടികാണിക്കുകയും ഇതിനെ നാട്ടുകാർ ഒറ്റക്കെട്ടായി പിന്തുണക്കുകയും ചെയ്തതോടെയാണ് 12 മീറ്ററാക്കാൻ തീരുമാനിച്ചത്.
മൈലാടിപാലം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ റോഡ് 12 മീറ്റർ വീതിയിൽ കുറ്റിയടിച്ച് അടയാളപ്പെടുത്തി കഴിഞ്ഞു. മൈലാടിപാലം മുതൽ മൂലേപ്പാടം വരെ 46 കോടിയും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെ 74 കോടി രൂപയും ഉൾപ്പെടെ 120 കോടി രൂപയാണ് കിഫ്ബി ഫണ്ടിൽ അനുവദിച്ചിട്ടുള്ളത്.
നായാടംപൊയിലിൽ നിന്ന് പൂവാറൻതോട് വഴി കൂടരഞ്ഞിയിലേക്ക് മലയോര ഹൈവേ നീളുന്നതോടെ ആയിരക്കണക്കിന് മലയോര കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.