അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വികസനം പുരോഗമിക്കുന്നു
1598227
Thursday, October 9, 2025 5:26 AM IST
ലിഫ്റ്റ് സൗകര്യവും ഒരുങ്ങും
അങ്ങാടിപ്പുറം : ഷൊർണൂർ -നിലന്പൂർ പാതയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എഫ്സിഐ റോഡിലൂടെ എത്തുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വാഹന പാർക്കിംഗ് മേഖലയുടെയും മേൽപാലത്തിന്റെയും പ്രവൃത്തികൾ പുരോഗമിക്കുന്നു.
ഇതിനോടനുബന്ധിച്ച് ലിഫ്റ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. പ്രായമായവരും രോഗികളുമായ യാത്രക്കാരെ ഉദ്ദേശിച്ചാണ് ലിഫ്റ്റ് ഏർപ്പെടുത്തുന്നത്. നിലവിൽ പാളം മുറിച്ചു കടന്നുവേണം യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ. ക്രോസിംഗ് സ്റ്റേഷൻ ആയതിനാൽ മിക്കപ്പോഴും ഇരുവശത്തേക്കും ട്രെയിനുണ്ടാകും. ഇതുമൂലം പാളം മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കിടയാക്കും.
ഫൂട്ട് ഓവർ ബ്രിഡ്ജ് പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ പ്രയാസത്തിന് പരിഹാരമാകും. ഇതോടൊപ്പം ഈ ഭാഗത്ത് ടിക്കറ്റ് ബുക്കിംഗിനുള്ള എടിവിഎം സജ്ജമാക്കും. റെയിൽവേ സ്റ്റേഷനിലെ ട്രോളി പാത്തും നവീകരിക്കുവാനും പദ്ധതിയുണ്ട്. റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്ന അമൃത് ഭാരത് പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്പായി ലിഫ്റ്റും വാഹന പാർക്കിംഗ് മേഖലയും പൂർത്തിയാക്കാനാണ് ലക്ഷ്യം.
അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 13.759 കോടിയുടെ നവീകരണ പ്രവൃത്തികളാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. റെയിൽവേ സ്റ്റേഷൻ വിപുലീകരണം, സ്റ്റേഷനടുത്ത് വിശാലമായ പാർക്കിംഗ് ഏരിയ, പ്ലാറ്റ് ഫോം നവീകരണം,
അങ്ങാടിപ്പുറം ഭാഗത്ത് നിന്നുള്ള വിപുലമായ അപ്രോച്ച് റോഡ്, സ്റ്റേഷൻ വൈദ്യുതീകരണവും സിഗ്നൽ സംവിധാനവുമെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം എഫ്സിഐ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല. സ്റ്റേഷനിൽ എത്തുന്ന 90 ശതമാനം യാത്രക്കാരും ഈ റോഡിലൂടെയാണ് എത്തിപ്പെടുന്നത്.
വാഹനങ്ങളിൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്നുവരുന്ന യാത്രക്കാർ അങ്ങാടിപ്പുറം മേൽപ്പാലം കടന്ന് തരകൻ ഹയർസെക്കൻഡറി സ്കൂളിന്റെ അരികിലൂടെയുള്ള റോഡ് വഴി വേണം സ്റ്റേഷനിലെത്താൻ. മേൽപാലത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണെങ്കിൽ യഥാസമയത്ത് സ്റ്റേഷനിൽ എത്താൻ കഴിയാതെവരും.
ഈ അവസ്ഥയിൽ പുതിയ സംവിധാനങ്ങളും ഗുഡ്ഷെഡ് റോഡ് (എഫ്സിഐ റോഡ് ) ഉൾപ്പെടെ പ്രതീക്ഷയോടെയാണ് യാത്രക്കാർ കാണുന്നത്.