റോഡ് പ്രവൃത്തി:പണം നഷ്ടപ്പെടുത്തിയെന്ന പ്രചരണം വാസ്തവവിരുദ്ധം
1598392
Friday, October 10, 2025 4:18 AM IST
കരുവാരകുണ്ട്: ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിഴക്കേത്തല കൽക്കുണ്ട് റോഡ്,ഡ്രൈനേജ്,റീടാറിങ് പ്രവൃത്തിയിൽ 17 ലക്ഷം രൂപ നഷ്ടപ്പെടുത്തിയെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് ഡിവിഷൻ മെമ്പർ വി.പി. ജസീറ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
18.11.2022 ന് സാങ്കേതിക അനുമതിക്ക് വച്ച് 18.11.2012 ന് തന്നെ ടെൻഡർ ക്ഷണിക്കുകയും ചെയ്തതു. ടെൻഡറിൽ മൂന്നുപേരാണ് പങ്കെടുത്തത്. നിലവിലെ കരാറുകാരൻ 35 ,11 523 രൂപയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. ഇയാൾ കരാറെടുത്തത് വഴി സർക്കാറിലേക്ക് പണം ലഭ്യമാവുകയാണുണ്ടായത്. തുടർന്ന് കരാറുകാരൻ 03.01.2013 കരാറിൽ ഏർപ്പെടുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 26- 3 -2024 ന് ഈ കരാർ പ്രവൃത്തിയുടെ പകുതി ബില്ല് ആയി 17, 83 301 രൂപ മാത്രമാണ് കരാറുകാരന് കൈമാറിയിട്ടുള്ളത്. ഇതിനനുസരിച്ചുള്ള പ്രവൃത്തികൾ മാത്രമേ കരാറുകാരൻ റോഡിൽ ചെയ്തിട്ടുള്ളൂ.
ഇതിനിടയിൽ ജല ജീവൻ മിഷൻ പദ്ധതി പ്രകാരം റോഡിന്റെ വശങ്ങളിൽ ചാലു കീറുകയും പൈപ്പിടുകയും ചെയ്യേണ്ട പ്രവൃത്തി നടക്കുന്നത് കൊണ്ട് റോഡ് പ്രവൃത്തി തുടരേണ്ടെന്നുള്ള നിർദ്ദേശം നൽകുകയാണത്രേ ഉണ്ടായത്. കരാറുകാരൻ 355 മീറ്റർ ടാറിങാണ് നടത്തിയിട്ടുള്ളത്. കൂടാതെ 195 മീറ്റർ നീളത്തിൽ ഡ്രൈനേജ് പ്രവൃത്തിയും നടത്തി. സൈഡ് കോൺക്രീറ്റ് 25ശതമാനം മാത്രമാണ് പൂർത്തിയാക്കിയത്. കരാറുകാരൻ എടുത്ത പ്രവൃത്തിക്കുള്ള തുക മാത്രമേ അദ്ദേഹത്തിന് കൈമാറിയിട്ടുള്ളൂ.
ഒരു രൂപ പോലും സർക്കാരിന്റേയോ ജില്ലാ പഞ്ചായത്തിന്റേയോ നഷ്ടപ്പെടുത്തിയിട്ടില്ല. റോഡുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് നിർവഹിച്ചിരുന്നത്. റോഡ് നിർമാണത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദി കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ എൻജിനീയർമാരാണെന്നും മെമ്പർ പറഞ്ഞു.
ഇത്തരം വിവരങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം ലഭ്യമാണെന്നിരിക്കെ പണം നഷ്ടപ്പെടുത്തിയെന്നുള്ള പ്രചരണം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ ജനരോഷം ശക്തമായപ്പോൾ പിടിച്ചുനിൽക്കുന്നതിനുവേണ്ടി വാസ്തവിരുദ്ധമായ പ്രചരണം നടത്തുകയാണ് ചെയ്യുന്നതെന്നും മുസ്ലിം ലീഗ് ഭാരവാഹികളും പറഞ്ഞു.
നിലവിലെ കരാർ റിവേഴ്സ് ചെയ്തിട്ടുണ്ടെന്നും പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും മെമ്പർ കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാവാഹികളായ എൻ. ഉണ്ണീൻകുട്ടി, എം.കെ. മുഹമ്മദലി, പി.കെ.നാസർ, എ.കെ. ഹംസക്കുട്ടി, എം. ഫിയാസ് പങ്കെടുത്തു.