ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതല യോഗം
1598232
Thursday, October 9, 2025 5:26 AM IST
നിലന്പൂർ: നിലന്പൂർ നിയോജക മണ്ഡലത്തിലെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 2019ലെ പ്രളയത്തിൽ വീടുകളും പാലവും തകർന്ന് നിലന്പൂർ ഉൾവനത്തിൽ ഒറ്റപ്പെട്ട 300 കുടുംബങ്ങളുടെ പുനരധിവാസം അടക്കം ആര്യാടൻ ഷൗക്കത്ത് എംഎൽഎ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രശ്ന പരിഹാരത്തിന് മന്ത്രി നേരിട്ട് യോഗം വിളിച്ചത്.
പാലവും കോണ്ക്രീറ്റ് വീടുകളും സൗകര്യങ്ങളുമുണ്ടായിരുന്നവരാണ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ആറുവർഷമായി കാട്ടിൽ പ്ലാസ്റ്റിക് ഷെഡ് കെട്ടി നരകജീവിതം നയിക്കുന്നതെന്നും കുടിവെള്ളവും ശുചിമുറി സൗകര്യം പോലും ഇല്ലാത്ത ഇവരുടെ ദുരിതം പരിഹരിക്കാനാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പ്രളയത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം വേഗമാക്കാൻ മന്ത്രി നിർദേശം നൽകി. 2019ലെ പ്രളയത്തിൽ ഒലിച്ചുപോയ പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരിയിലെ ഇരുട്ടുകുത്തി കടവിലെ പുതിയ പാലത്തിന്റെ പണി വേഗമാക്കും.
2018ലെ പ്രളയത്തിൽ തകർന്ന വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചകൊല്ലിയിൽ പുന്നപ്പുഴക്ക് കുറുകെ ഇരുന്പു പാലത്തിന് പകരം പുതിയ പാലം പണിയുന്നതിന് നടപടിയെടുക്കും. വഴിക്കടവ് ഉൾവനത്തിലെ പുഞ്ചകൊല്ലി, അളക്കൽ ഉന്നതികളിലേക്കുള്ള ഏക ആശ്രയമാണ് പാലം. പാലം തകർന്നതോടെ ചങ്ങാടം വഴിയാണ് ആദിവാസി കുടുംബങ്ങൾ ഉന്നതികളിലെത്തുന്നത്. പുഞ്ചകൊല്ലി, അളക്കൽ ഉന്നതികളിലേക്കുള്ള തകർന്ന റോഡ് പട്ടികവർഗ വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പുനർനിർമിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷ്വറൻസ് കാർഡ് എന്നിവ പ്രത്യേക അദാലത്ത്് നടത്തി നേരിട്ട് നൽകും.
വാഹനം ലേലം ചെയ്ത് വിൽപ്പന നടത്തിയതിനെ തുടർന്ന് ആദിവാസി ഉന്നതികളിൽ മെഡിക്കൽ സേവനങ്ങളെത്തിക്കുന്ന മൊബൈൽ ട്രൈബൽ ഡിസ്പെൻസറിയുടെ പ്രവർത്തനം നിലച്ചതിന്റെ പ്രയാസങ്ങൾ എംഎൽഎ വിശദീകരിച്ചു. പകരം വാഹന സംവിധാനമൊരുക്കി ഉടനടി പരിഹാരം കാണാൻ മന്ത്രി നിർദേശം നൽകി. ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി നൽകുന്നത് വേഗത്തിലാക്കും. പലയിടത്തും വനം വകുപ്പ് തടസവാദം ഉന്നയിക്കുന്നത് പരിഹരിക്കാൻ വനം മന്ത്രിയെക്കൂടി ഉൾപ്പെടുത്തി യോഗം ചേരാമെന്നും മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
മന്ത്രിയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ, പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി കൗശികൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.ശിവകുമാർ, എസ്ടി വകുപ്പ് അഡീഷണൽ ഡയറക്ടർ പി.എസ്. ശ്രീജ, ജോയിന്റ് ഡയറക്ടർ കെ.എസ്. ശ്രീരേഖ, ടിആർഡിഎം ഡെപ്യൂട്ടി ഡയറക്ടർ സുമിൻ എസ്.ബാബു, ഐടിഡിപി മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസർ സി. ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.