മുഖ്യമന്ത്രിയുടെ പരാമർശത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു
1598230
Thursday, October 9, 2025 5:26 AM IST
പെരിന്തൽമണ്ണ: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരേ ബോഡി ഷെയിമിംഗ് പരാമർശം നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രകടനം പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്ന് തുടങ്ങി ട്രാഫിക് ജംഗ്ഷനിൽ സമാപിച്ചു.
മുഖ്യമന്ത്രിയെന്ന നിലയിൽ ഇത്തരത്തിലുള്ള പരാമർശം കേരളത്തിന് അപമാനകരമാണെന്നും പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണ എംഎൽഎ തന്റെ വികസന പ്രവർത്തനങ്ങൾ കൊണ്ടും ജനകീയത കൊണ്ടും ഉയർന്ന വ്യക്തിയാണ്. ശബരിമല സ്വർണമോഷണ വിഷയത്തിൽ കുറ്റക്കാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനപ്രതിനിധികളെ അപമാനിക്കുന്നത് കേരളത്തിന്റെ സംസ്കാരത്തോട് തന്നെ അനാദരവാണെന്നും യൂത്ത് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി.
മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഷൗക്കത്ത് നാലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദീഖ് വാഫി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ബി. മുസമ്മിൽ ഖാൻ, പി. ബഷീർ, കൊളക്കാടൻ അസീസ്, സി. ബഷീർ, റിയാദ് കഐംസിസി നാഷണൽ സെക്രട്ടറി താമരത്ത് സത്താർ,
സി. മുസ്തഫ ഷിയാസ്, ജില്ലാ എംഎസ്എഫ് വൈസ് പ്രസിഡന്റ് പി.ടി. മുറത്, നബീൽ വട്ടപ്പറന്പ്, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എൻ. ഹബീബ്, സി. റഷീദ്, നിസാം തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ പരാമർശവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ഭാരവാഹികൾ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.