കുമിൾ രോഗബാധയിൽ ഇഞ്ചി കൃഷി നശിച്ചു
1597969
Wednesday, October 8, 2025 5:42 AM IST
എടക്കര: കുമിൾ രോഗബാധമൂലം മേഖലയിലെ ഇഞ്ചി കൃഷി പൂർണമായും നശിച്ചു. എടക്കര, നിലന്പൂർ മേഖലകളിലാണ് കുമിൾ രോഗാധമൂലം ഇഞ്ചികൃഷി പൂർണമായി നശിച്ചത്. "പൈറികുലേറിയ’ എന്ന കുമിളാണ് രോഗകാരണമായി പറയുന്നത്. ഇലകളും ഇലപ്പോളകളും മഞ്ഞനിറമായി മാറുകയാണ് പ്രാരംഭ രോഗലക്ഷണം.
തുടർന്ന് ഇലകളും തണ്ടും നശിച്ചുപോവുകയുമാണ്. ഇഞ്ചി വിത്തിൽ രോഗലക്ഷണം കാണുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മേഖലയിൽ ആദ്യമായാണ് കുമിൾ മൂലമുള്ള ഈ രോഗം വ്യാപകമായത്. കാലാവസ്ഥാ വ്യതിയാനമാണ് കുമിളിന്റെ വ്യാപനത്തിന് കാരണമായി പറയുന്നത്. അതിവേഗം പടരാൻ ശേഷിയുള്ളതും കിലോമീറ്ററുകൾ അകലെയുള്ള കൃഷിഭൂമികളിലേക്ക് പെട്ടെന്ന് വ്യാപിക്കാനും ഈ കുമിളിന് കഴിയും.
രോഗം ബാധിക്കാത്ത ഒരു കൃഷിയിടവും മേഖലയിലില്ല. രോഗം പടർന്നതോടെ മേഖലയിലെ ഇഞ്ചി കർഷകർ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. മിക്കവരുടെയുും കൃഷിയിടങ്ങൾ രോഗം ബാധിച്ച് പൂർണമായും നശിച്ച അവസ്ഥയിലാണ്. തക്കസമയത്ത് കുമിൾനാശിനി പ്രയോഗം നടത്തുകയും രോഗമുക്തമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുകയുമാണ് രോഗ നിയന്ത്രണ മാർഗമെന്ന് കൃഷി വിദഗ്ധർ പറയുന്നു.
പ്രൊപികോണോസോൾ, ടെബുകൊണോസോൾ തുടങ്ങിയ കുമിൾനാശിനികൾ ഇഞ്ചി നട്ട് നാല് മാസം കഴിയുന്പോൾ തളിയ്ക്കാനാണ് കൃഷിവകുപ്പിന്റെ നിർദേശം. എന്നാൽ മുന്പ് കണ്ടിട്ടില്ലാത്ത രോഗ ബാധയ്ക്കെതിരേ പ്രതിരോധം തീർക്കാൻ കർഷകർക്കായില്ല. മാത്രവുമല്ല ഇഞ്ചിയിൽ മഞ്ഞളിപ്പ് ബാധിച്ചശേഷമാണ് കുമിൾ രോഗബാധയാണെന്ന് കർഷകർ തിരിച്ചറിഞ്ഞത്.